കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതികരണവുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ ബഹുമാനിക്കാനും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് രാഷ്‌ട്രപതി ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.
രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് ആശംസ പങ്കുവെച്ചതിനൊപ്പമായിരുന്നു രാഷ്‌ട്രപതി കൊൽക്കൊത്തയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികരണവും നടത്തിയത്. സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും വികാരത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉത്സവം, എല്ലാ സഹോദരിമാരോടും പെൺമക്കളോടും വാത്സല്യവും ആദരവും വളർത്തുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ ദിവസം നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയും ബഹുമാനവും ഉറപ്പാക്കുമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്നും രാഷ്‌ട്രപതി പ്രതികരിച്ചു.
അതേസമയം, ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. മരിക്കുന്നതിന് മുമ്പ് മർദ്ദനമേറ്റതായും ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 14 മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമൽ, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ഈ 14 മുറിവുകൾ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണ്. ലൈംഗികാതിക്രമം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ‘വെളുത്ത ദ്രവം’ കണ്ടെത്തി. രക്ത സാമ്പിളുകളും മറ്റ് ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടയായതായും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലുകൾ പൊട്ടിയതായി റിപ്പോർട്ട് പറയുന്നില്ല.
ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.