കോഴിക്കോട് :നിഗമനങ്ങൾ ഇല്ലാതെയും ഉത്തരവാദികളെ കണ്ടെത്താതെയും മരം കൊള്ളക്കേസിൽ വനം വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി മന്ത്രി എ.കെ.ശശീന്ദ്രൻ. സമർപ്പിച്ച റിപ്പോർട്ടിലുള്ളത് കുറേ കണക്കുകൾ മാത്രം.
ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിഴവുകൾ വ്യക്തമാക്കിയും, കുറ്റക്കാരയ ഉദ്യോഗസ്ഥരുടെ പട്ടിക ഉൾപ്പെടുത്തിയുള്ള സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി. വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വയനാട്- 101, തൃശ്ശൂർ- 500, എറണാകുളം -600, ഇടുക്കി- 600 എന്നീ തോതിൽ മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ലാൻഡ് അസൈൻമെന്റ്,ലാൻഡ് ട്രൈബ്യൂണൽ പട്ടയ ഭൂമികളിൽ നിന്നാണ് മരങ്ങൾ പോയിട്ടുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. വന ഭൂമിയിൽ നിന്ന് മരം പോയതായി സൂചനകളൊന്നുമില്ല.തൃശ്ശൂർ മച്ചാട് റേഞ്ചിൽ വ്യാപകമായി മര കുറ്റികൾ കത്തിച്ചിട്ടുണ്ടെങ്കിലും,ഇതിനു പിന്നിൽ ആരെന്ന സൂചനകളൊന്നും ഇല്ല.
അതിനാൽ,റിപ്പോർട്ട് തൃപ്തികരമല്ലെന്നും സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിർദ്ദേശം. വയനാട്ടിലെ മരംമുറി കേസ് ഫെബ്രുവരിയിൽ കണ്ടെത്തിയപ്പോൾ തന്നെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അട്ടിമറി ശ്രമവും പുറത്തുവന്നിരുന്നു.ഇതുസംബന്ധിച്ച് കൺസർവേറ്ററും,റേഞ്ച് ഓഫീസറും, ഫോറസ്റ്ററും ഉൾപ്പെടെ വലിയ വിഭാഗം അട്ടിമറിയിൽ പങ്കാളികളാണെന്നും വ്യക്തമായിയിരുന്നു.എന്നാൽ ഇത്തരത്തിലുള്ള കണ്ടെത്തലുകളിലേക്കൊന്നും കടക്കാതെയുള്ള റിപ്പോർട്ടായിരുന്നു വനംവകുപ്പിന്റേത്.22 നകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി.