Spread the love
️”നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്തത്” : കോവളം സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പൊലീസുകാരൻ്റെ വിശദീകരണം

കോവളം സംഭവത്തില്‍ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടികെ ഷാജിയാണ് വിശദീകരണം നല്‍കിയത്.

നടപടിക്രമങ്ങള്‍ പാലിച്ചാണ് താന്‍ ജോലി ചെയ്തതെന്നും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി വിശദീകരണം നല്‍കിയിരിക്കുന്നത്.
പുതുവത്സര തലേന്ന് കര്‍ശന പരിശോധന നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ നടപടി ഉണ്ടായതെന്നും കത്തിൽ പറയുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നാണ് ഷാജി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിനും കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് വിദേശിയെ അവഹേളിച്ചെന്ന പരാതിയില്‍ ഷാജിക്കെതിരെ നടപടി സ്വീകരിച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് അറിഞ്ഞിട്ടും തടഞ്ഞുവെച്ചത് ഗുരുതര പിഴവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കോവളത്ത് നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ (68) യാണ് പൊലീസ് അവഹേളിച്ചത്.

Leave a Reply