റിയാദ്: ഈ മാസം 20 മുതൽ അടുത്ത മാസം 18 വരെ ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ടിക്കറ്റുകൾ ഏറ്റവുമധികം വാങ്ങിയ രാജ്യക്കാരുടെ പട്ടികയിൽ സൗദികൾ മൂന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് ഖത്തറിലാണ്.
ഇന്നരെ രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ഖത്തറിൽ സ്വദേശികളും വിദേശികളും അടക്കമുള്ളവർ ആകെ 9,47,846 ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കക്കാർ 1,46,616 ടിക്കറ്റുകളാണ് വാങ്ങിയത്. മൂന്നാം സ്ഥാനത്തുള്ള സൗദികൾ 1,23,228 ടിക്കറ്റുകൾ വാങ്ങി. ബ്രിട്ടനിൽ നിന്നുള്ളവർ 91,632 ഉം മെക്‌സിക്കോയിൽ നിന്നുള്ളവർ 91,137 ഉം യു.എ.ഇയിൽ നിന്നുള്ളവർ 66,127 ഉം അർജന്റീനയിൽ നിന്നുള്ളവർ 61,083 ഉം ഫ്രാൻസിൽ നിന്നുള്ളവർ 42,287 ഉം ബ്രസീലിൽ നിന്നുള്ളവർ 39,546 ഉം ജർമനിയിൽ നിന്നുള്ളവർ 38,117 ഉം ടിക്കറ്റുകളാണ് ഇന്നലെ രാവിലെ വരെ വാങ്ങിയത്.
അർജന്റീന-മെക്‌സിക്കോ, അർജന്റീന-സൗദി, ഇംഗ്ലണ്ട്-അമേരിക്ക, പോളണ്ട്-അർജന്റീന എന്നീ മത്സരങ്ങളുടെയും ഫൈനലിന്റെയും ടിക്കറ്റുകളാണ് ഏറ്റവുമധികം വിൽക്കപ്പെട്ടത്.
ആദ്യ ഗ്രൂപ്പിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ ഞായറാഴ്ച ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. ഡിസംബർ 18 ന് നടക്കുന്ന ഫൈനലിൽ ബ്രസീലും അർജന്റീനയുമാണ് ഏറ്റുമുട്ടുകയെന്ന് ലോക ഫുട്‌ബോൾ പ്രേമികളിൽ അധിക പേരും പ്രതീക്ഷിക്കുന്നു.