നടനും സംഗീത സംവിധായകനും ഗായകനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വേർപിരിയുന്നു എന്ന വാർത്ത സമീപകാലത്ത് തമിഴകത്ത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. കുട്ടിക്കാലം മുതൽ സൗഹൃദവും അടുപ്പവും പ്രണയവും കാത്തുസൂക്ഷിച്ച ദമ്പതികളുടെ വേർപിരിയൽ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു. അതിനിടയിൽ, നടി ദിവ്യ ഭാരതിയാണ് ജിവി പ്രകാശും സൈന്ധവിയും പിരിയാൻ കാരണമെന്ന രീതിയിലുള്ള ഗോസിപ്പുകളും ശക്തമായി. ജിവി പ്രകാശും ദിവ്യ ഭാരതിയും ഒന്നിച്ച് സിനിമകള്‍ ചെയ്തതിനു പിന്നാലെ ഇരുവരും പ്രണയത്തിലായി എന്നും അതാണ് ജിവിയുടെ ദാമ്പത്യജീവിതം തകരാൻ കാരണമെന്നുമായിരുന്നു ഗോസിപ്പ് കഥകൾ. തനിക്കെതിരെ ഉയരുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകുകയാണ് ദിവ്യ ഭാരതി ഇപ്പോൾ.
“എനിക്ക് ഒരു ബന്ധവുമില്ലാത്ത, ഒരു കുടുംബപ്രശ്നത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചിരിക്കുന്നു. ജി വിയുടെ (ജി വി പ്രകാശ്) കുടുംബ പ്രശ്നങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. തുറന്നു പറഞ്ഞാൽ, ഞാൻ ഒരിക്കലും ഒരു നടനുമായി ഡേറ്റ് ചെയ്യില്ല, വിവാഹിതനായ പുരുഷനുമായി ഒരിക്കലും ഡേറ്റ് ചെയ്യില്ല.” “അടിസ്ഥാനരഹിതമായ കിംവദന്തികൾ എന്റെ ശ്രദ്ധ അർഹിക്കുന്നില്ലെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ ഇതുവരെ മൗനം പാലിച്ചു. എന്നിരുന്നാലും, ഇതിപ്പോൾ അതിന്റെ പരിധി ലംഘിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ട് എന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ഞാൻ അനുവദിക്കില്ല. ഞാൻ ശക്തയും സ്വതന്ത്രയുമായ ഒരു സ്ത്രീയാണ്, ഗോസിപ്പുകളല്ല എന്നെ നിർവചിക്കേണ്ടത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനുപകരം മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. എന്റെ അതിരുകളെ ബഹുമാനിക്കുക. ഈ വിഷയത്തിൽ എന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രസ്താവനയാണിത്. നന്ദി,” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ദിവ്യ ഭാരതി തന്റെ ഭാഗം വ്യക്തമാക്കിയത്.