
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കോവിഡ് പരിശോധന നടത്തുന്ന ലാബിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
അബുദാബിയില്‍ ജോലി ചെയ്തുന്ന മുസമ്മില്‍ വരിക്കോട്ടിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ നാലു മാസമായി നാട്ടിലെത്തിയ ഹരജിക്കാരന്‍ തിരികെ പോകുന്നതിനു കുറച്ചു ദിവസം മുമ്പു വിമാനത്താവളത്തിലുള്ള ലാബിലെത്തി ഒരാഴ്ചക്കുള്ളില്‍ നടത്തിയ രണ്ടു ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലത്തില്‍ ഒരെണ്ണം കോവിഡ് പോസിറ്റിവായി. തുടര്‍ന്നു വിദേശ യാത്ര നടത്താനാവാതെ ഹരജിക്കാരന്‍ തിരികെ പോയി.
ഹരജിക്കാരന്‍ ഐ.സി.എം.ആര്‍ അംഗീകാരമുള്ള ലാബില്‍ പോയി ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുമായി എയര്‍പ്പോര്‍ട്ടിലെത്തി. എന്നാല്‍ എയര്‍പോര്‍ട്ടിലെ ലാബില്‍നിന്നു തന്നെ കോവിഡ് പരിശോധിച്ച റിപ്പോര്‍ട്ട് വേണമെന്നു എയര്‍പോര്‍ട്ട് അധികാരികള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഓണ്‍ലൈനായി ഈ ലാബിനെക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള പട്ടികയിലില്ലാത്ത ലാബാണെന്നു ഹരജിയില്‍ ആരോപിക്കുന്നു. തെറ്റായ പരിശോധന ഫലം നല്‍കിയതിലൂടെ തനിക്ക് വിദേശത്തേക്ക് പോകാനാവാതെ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ഹരജിക്കാരന്‍ ആരോപിച്ചു. വിമാനത്താവളങ്ങളില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നതിനു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.