കൊച്ചി: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവം അന്വേഷിച്ച് വരികയാണെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഷവോമി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
മരിച്ച എട്ടുവയസുകാരിയുടെ കുടുംബത്തോടൊപ്പമാണ് കമ്പനി.സാധ്യമായ എല്ലാരീതിയിലും കുട്ടിയുടെ കുടുംബത്തെ സഹായിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്. അധികൃതരുമായി സഹകരിച്ച് സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തും. അധികൃതര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് എല്ലാ സഹകരണവും നല്‍കുമെന്നും കമ്പനി അറിയിച്ചു.
അതിനിടെ, മകളുടെ മരണത്തിനു കാരണമായ ഫോണ്‍ 2017ലാണ് വാങ്ങിയതെന്നാണ് എട്ടു വയസ്സുകാരി ആദിത്യശ്രീയുടെ പിതാവ് അശോക് കുമാര്‍ പറയുന്നത്. 2021ല്‍ ഫോണിന്റെ ബാറ്ററി മാറ്റിയിരുന്നെന്നും അശോക് കുമാര്‍ പറഞ്ഞു.
സംഭവം നടന്ന ദിവസം അഞ്ചരയ്ക്കാണ് വീട്ടില്‍ ഫോണ്‍ കൊണ്ടുവച്ചത്. മകള്‍ അഞ്ചു മിനിറ്റിലേറെ അതെടുത്തു കളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരത്തില്‍ ദുര്‍ഗതിയുണ്ടാവരുത്. അതിനാല്‍ വിശദ അന്വേഷണം വേണമെന്നും അശോക് കുമാര്‍ ആവശ്യപ്പെട്ടു.