ഗാനഗന്ധർവൻ കെ ജെ യേശുദാസും മുതിർന്ന സംവിധായകൻ പ്രിയദർശനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന വർഷങ്ങൾ നീണ്ടുനിൽക്കുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഗായകൻ എം ജി ശ്രീകുമാർ. ഒരു യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ ചെറിയ ഒരു തെറ്റിദ്ധാരണ മാത്രമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുള്ളതെന്നും അതിനുശേഷവും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ചിലയാളുകൾ പറഞ്ഞുപരത്തുന്നതുപോലെ മറ്റുളള ഗായകരുടെ അവസരങ്ങൾ തട്ടിയെടുക്കുന്ന കലാകാരൻ അല്ല ദാസേട്ടൻ എന്നും എം ജി ശ്രീകുമാർ വ്യക്തമാക്കി.
‘ചെപ്പ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളാണ് പ്രിയദർശനും യേശുദാസും തമ്മിൽ പ്രശ്‌നം എന്നുതുടങ്ങിയ അഭ്യൂഹങ്ങൾക്ക് ആധാരം. ചിത്രത്തിലെ ഒരുപാട്ട് പാടാൻ ദാസേട്ടൻ മദ്രാസിൽ എത്തി. അദ്ദേഹത്തിന് പാട്ട് പഠിക്കാനായി ഒരു രീതിയുണ്ട്. പാട്ട് പഠിക്കുന്ന സമയത്ത് സംഗീതസംവിധായകൻ മാത്രമേ മുറിയിൽ കാണാൻ പാടുളളൂ. ഇതൊന്നും അറിയാതെ ആ സമയത്ത് മുറിയിൽ പ്രിയദർശനും സിനിമയുടെ നിർമാതാവും ചില സുഹൃത്തുക്കളും എത്തി. അത് ദാസേട്ടന് ബുദ്ധിമുട്ടായി.
അദ്ദേഹം എല്ലാവരോടും പുറത്തുപോകാൻ പറഞ്ഞു. പക്ഷെ പ്രിയദർശൻ പുറത്തുപോയില്ല. ദാസേട്ടൻ പ്രിയദർശനോടും പുറത്തുപോകാൻ പറഞ്ഞു. താൻ സംവിധായകനാണെന്ന് പ്രിയൻ പറഞ്ഞു. ദാസേട്ടൻ അതുകേട്ടിട്ടും പ്രിയദർശനോട് പുറത്തുപോകാൻ പറഞ്ഞു. ഇത് പ്രിയദർശന് ബുദ്ധിമുട്ടായി. അങ്ങനെ സിനിമയിൽ നിന്ന് പ്രിയദർശൻ ആ ഗാനം ഉപേക്ഷിക്കുകയായിരുന്നു. ആ സംഭവത്തിനുശേഷം ഇരുവരും തമ്മിൽ പരിഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിനുശേഷവും അവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്നും എം ജി ശ്രീകുമാർ പറയുന്നു.
അതേസമയം ജെ യേശുദാസ് മലയാളത്തിന് ലഭിച്ച പുണ്യമാണെന്നും അദ്ദേഹം മറ്റുളള ഗായകരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്നു പറയുന്നത് മണ്ടത്തരമാണെന്നും എം ജി ശ്രീകുമാർ പറഞ്ഞു.ദാസേട്ടൻ അങ്ങനെ ഒരു വ്യക്തിയല്ല. പാട്ട് കിട്ടാത്തവരാണ് അത്തരത്തിൽ പറയുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്ത്.