ഗെയിം ത്രില്ലർ ജോണറിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം നടൻ ഹക്കിം ഷാജഹാനും മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബസൂക്കയുടെ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തേക്കുറിച്ചും മമ്മൂക്ക എന്ന നടൻ ഒപ്പം അഭിനയിക്കാൻ കിട്ടിയ വലിയ നേട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഹക്കിം ഷാജഹാൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് താരം അപകടത്തെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ചും പങ്കുവെച്ചത്.
താരത്തിന്റെ കുറിപ്പ്
‘ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അത്ഭുതകരമായ അവസരം ലഭിച്ചു. ഇത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്, ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം. ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടുപോകുകതന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്.’