നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും മികച്ച വിജയുമായി ബിജെപി. യുപിയിൽ മത്സരിച്ച 376 സീറ്റുകളിൽ 251ലും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 48ലും വിജയിച്ച് ഭരണത്തുടർച്ച നേടി. മണിപ്പൂരിൽ 60 സീറ്റുകളിൽ 30 ഇടത്തും വിജയം ഉറപ്പാക്കി. ഗോവയിൽ 40 സീറ്റുകളിൽ 20 എണ്ണത്തിൽ വിജയിച്ച് ഭരണം പിടിച്ചു. 2024ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്. 1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അഞ്ചുവർഷം പൂർത്തിയാക്കി ഒരു മുഖ്യമന്ത്രി ഭരണത്തുടർച്ച നേടുന്നതും ഇതാദ്യമാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്, ഡിഗ്രിവരെ സൗജന്യപഠനം, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, സ്‌കൂള്‍ബാഗ്, 1.78 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ഹൈസ്‌കൂള്‍ ഇന്റര്‍മിഡിയേറ്റ് തലത്തില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി, പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയനുസരിച്ച് 1.18 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായപദ്ധതി, 8 പുതിയ മെഡിക്കല്‍ കോളേജുകള്‍, ഗോരഖ്പൂരിലും റായ്ബറേലിയിലും എയിംസ്, ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് താങ്ങുവില, 2.29 കോടി കര്‍ഷകര്‍ക്ക് മുദ്ര ആരോഗ്യകാര്‍ഡ് തുടങ്ങിയ മാറ്റങ്ങൾ വരുത്തി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍, കുറഞ്ഞ കാലത്തിനുള്ളില്‍, വലിയ മാറ്റങ്ങളാണ് യോഗി സര്‍ക്കാര്‍ വരുത്തിയത്. ഇതു ഫലം അനുകൂലമാകാൻ കാരണമായി.