ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് യോഗി ആദിത്യനാഥ്. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. ആകെ 52 പേരാണ് രണ്ടാം യോഗി സർക്കാരിൽ അംഗമാവുന്നത്. ഇതിൽ അഞ്ച് പേർ വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവർ മന്ത്രിസഭയിലേക്ക് എത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പിന്നാലെ യുപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ എന്നിവർ സംബന്ധിച്ചു. ചടങ്ങിലേക്ക് അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ സിനിമാ താരങ്ങളെയും ക്ഷണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിവാദ ഹിന്ദി ചിത്രമായ “ദി കശ്മീർ ഫയൽസ്” അണിയറപ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു.