Spread the love

പരിമിതിക്കുള്ളിൽ നിന്ന് തന്റെ സ്വപ്നത്തിന് വേണ്ടി സഞ്ചരിച്ച്, എല്ലാവർക്കും പ്രചോദനമായി മാറിയ രാ​ഗേഷ് കൃഷ്ണന് പിന്തുണയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജന്മനാ സെറിബ്രൽ പാൾസി രോ​ഗം ബാധിച്ച രാ​ഗേഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ‘കളം @ 24’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. രോ​ഗത്തോട് പൊരുതി സ്വപ്നം നേടിയെടുത്ത സന്തോഷത്തിലാണ് രാ​ഗേഷ് കൃഷ്ണൻ.

തന്നെ കൊണ്ട് ഒന്നും സാധിക്കില്ലെന്ന് പറഞ്ഞ് വിഷമിക്കുന്ന എല്ലാവർക്കും രാ​ഗേഷ് ഒരു ഊർജമാണെന്നും സിനിമ എന്ന സ്വപ്നവുമായി ധൈര്യമായി മുന്നോട്ട് പോകണമെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. സെറിബ്രൽ പാൾസി ബാധിതനായ രാജ്യത്തെ തന്നെ ആദ്യ മുഴുനീള സംവിധായകനായി രാഗേഷ് കൃഷ്ണൻ മാറിക്കഴിഞ്ഞു.

നീ ഒരു ഊർജമാണ്. സിനിമ സ്വപ്നം കണ്ട് നടക്കുന്ന, എന്നെ കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് തോന്നി മാറി നിൽക്കുന്ന ആളുകൾക്ക് മുന്നിലെ ഏറ്റവും വലിയ ഊർജം. നിന്റെ പരിമിതിക്കുള്ളിൽ നിന്ന് മലയാള സിനിമയ്‌ക്ക് നീ സമ്മാനിച്ച കളം @24-ന് ആശംസകൾ. ഇനിയും മുന്നോട്ട് പോവുക. സുമതി വളവിന്റെ തിരക്ക് കാരണം കളം@24 കാണാൻ പറ്റിയിട്ടില്ല. എന്തായാലും ഷൂട്ടിംഗ് തിരക്കിനിടെ ഒരു ദിവസം സമയം കണ്ടെത്തി സിനിമ കാണുമെന്നും അഭിലാഷ് പിള്ള കുറിച്ചു.

അഞ്ച് ആൽബങ്ങളും രണ്ട് ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയതിന് ശേഷമാണ് രാ​ഗേഷ് സിനിമയിലേക്ക് കടന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആറ് തിയേറ്ററുകളിലാണ് കളം@24 പ്രദർശിപ്പിക്കുന്നത്. സിനി ഹൗസ് പ്രൊഡക്ഷൻസും സിഎംകെ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. അങ്കിത് ജോർജ് അലക്സ്, ശിശിര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Leave a Reply