Spread the love
ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളില്‍ ഇനി സംഗീതവും ആസ്വദിക്കാം

ഡല്‍ഹി ഡിവിഷനിലെ എല്ലാ ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിലും യാത്രക്കാർക്ക് റേഡിയോ സേവനം ലഭ്യമാക്കാൻ ഉത്തര റെയില്‍വേ ഇന്‍-ഡോര്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ഊക്ക റേഡിയോയ്ക്ക് (Ooka Radio) കരാര്‍ നല്‍കി. ഡല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ചണ്ഡീഗഡ്, അമൃത്സര്‍, അജ്മീര്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, വാരണാസി, കത്ര, കാത്‌ഗോദം എന്നിവിടങ്ങളിലേക്കുള്ള ശതാബ്ദി/വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്കാണ് റേഡിയോ സംഗീതം ആസ്വദിക്കാൻ കഴിയുക. “പാസഞ്ചേഴ്സ് അഡ്രസ് സിസ്റ്റം വഴി ട്രെയിനുകളില്‍ യാത്രക്കാർക്ക് ഇഷ്ടമുള്ള സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കും”, റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 10 ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിലും 2 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലും റേഡിയോ വഴി പരസ്യം ചെയ്യുന്നതിനും ഈ സേവനം സഹായിക്കും. ”മണിക്കൂറിൽ 50 മിനിറ്റ് നേരം വിനോദവും 10 മിനിറ്റ് നേരം വാണിജ്യ പരസ്യങ്ങളും എന്ന നിലയിലാണ് റേഡിയോ സേവനങ്ങൾ നൽകുകയെന്നും അറിയിപ്പില്‍ പറയുന്നു. ഈ സേവനത്തിലൂടെ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 43.20 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡിംപി ഗാര്‍ഗ്, ഡല്‍ഹി ഡിവിഷനിലെ പ്രവീണ്‍ കുമാര്‍ സീനിയര്‍ ഡിസിഎം എന്നിവരുടെ നേതൃത്വത്തിലാണ് റേഡിയോ സേവനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Leave a Reply