Spread the love

മലയാളികൾക്ക് ബോളിവുഡ് താരം വിവേക് ​​ഒബ്‌റോയ് വലിയ അടുപ്പക്കാരനാകുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ ലാലേട്ടന്റെ പ്രതിനായകനായ ബോബിയിലൂടെയാണ്. രണ്ടായിരത്തിന്റെ തുടക്കത്തിൽ അഭിനയജീവിതം ആരംഭിച്ച താരം ഒരു അഭിനേതാവ് എന്നതിലുപരി മികച്ച വിജയം കൊയ്ത ഒരു ബിസിനസുകാരൻ കൂടിയാണ്. ദുബായിൽ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയൽ എസ്റ്റേററ് കമ്പനി നടത്തുകയാണ് ഇപ്പോൾ.

കോവിഡ്ക്കാലത്ത് ചുരുങ്ങിയ നാളുകൾ താമസിക്കാൻ വേണ്ടി ദുബായിലേക്ക് ചേക്കേറിയ താരത്തെ ദുബായ് വല്ലാതെ ആകർഷിക്കുകയായിരുന്നു. പിന്നാലെ കുടുംബത്തോടൊപ്പം താരം ദുബായിൽ സ്ഥിരതാമസമാക്കി വൈകാതെ ബിസിനസ് സാമ്രാജ്യവും പടുത്തുയർത്തി.ഫോർച്യൂൺ ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിൽ, യുഎഇയിലെ തന്റെ ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനി ഏകദേശം 7 ബില്യൺ ഡോളറിന്റെ ആസ്തി വികസിപ്പിക്കുന്നുണ്ടെന്ന് വിവേക് ​​വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്പനിയാണ് തന്റേതെന്നും വിവേക് കൂട്ടിച്ചേർത്തു. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ വ്യക്തിപരമായ ആസ്തി.

വജ്ര ബിസിനസായ സോളിറ്റാരിയോയിലും വിവേകിനു നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 95-100 കോടി രൂപ സമ്പാദിച്ചുവെന്നും വിവേക് വെളിപ്പെടുത്തിയിരുന്നു. 30 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു പ്രീമിയം ജിൻ ബ്രാൻഡിലും വിവേക് നിക്ഷേപിച്ചിട്ടുണ്ട്, ആ ബിസിനസ്സിന്റെ ഏകദേശം 21 ശതമാനം ഓഹരിയും വിവേകിനു സ്വന്തമാണ്.

3,400 കോടി രൂപ വിലമതിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന ഒരു ബിസിനസിലും വിവേക് നിക്ഷേപം നടത്തിയിട്ടുണ്ട്. “വിദ്യാർത്ഥികളുടെ ഫീസ് കാര്യങ്ങളിൽ ധനസഹായം ലക്ഷ്യമിട്ടുള്ള ഒരു സ്റ്റാർട്ടപ്പും ഞാൻ ആരംഭിച്ചു, അതിൽ ഈട് നൽകേണ്ടതില്ല. ഇന്നത് ഏറെ വലുതാണ്. ഒരു B2B നെറ്റ്‌വർക്ക് വഴി ഞങ്ങൾ 12,000 സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എത്തി. എന്നാൽ പിന്നീട് ഞങ്ങൾ ഉപഭോക്താവുമായി ബന്ധപ്പെടുകയും ആ ഡാറ്റ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെയാണ് കമ്പനിയുടെ മൂല്യം ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3,400 കോടി രൂപ) ആയി കണക്കാക്കിയത്.”

Leave a Reply