കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 44’ൽ നടൻ സൂര്യയ്‌ക്കൊപ്പം മലയാളി നടൻ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ റൊമാന്റിക് ആക്ഷൻ ചിത്രത്തിൽ സൂര്യക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ശേഷം നടന്റെ സ്വഭാവത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് നടൻ ജോജു ജോർജ്.താൻ പരിചയപ്പെട്ട നടന്മാരിൽ ഏറ്റവും ഇഷ്ടം തോന്നിയ ഒരാളാണ് സൂര്യ സാർ എന്നും ഭയങ്കര അടിപൊളിയും നല്ല മനുഷ്യനുമാണ് അദ്ദേഹമെന്നുമാണ് ജോജു ജോർജ് പറഞ്ഞത്.
ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യയെക്കുറിച്ച് നടൻ സംസാരിച്ചത്.സൂര്യയുമായി ഒരുമിച്ചഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു. സൂര്യയുടെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു. സ്കൂളിലൊക്കെ പഠിക്കുമ്പോൾ കാണാനും സുന്ദരൻ, പെരുമാറ്റവും നല്ലത്, അത്യാവശ്യം പഠിക്കുന്ന അവൻ അടിപൊളിയല്ലേ എന്ന് പറയുന്ന ചില ഫ്രണ്ട്‌സ് നമുക്ക് പലർക്കും ഉണ്ടാകാറില്ലേ അത് പോലത്തെ ഒരു മച്ചാനാണ് സൂര്യ എന്നാണ് ജോജു ജോർജ് രസകരമായി പറഞ്ഞു.