നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഇഷ്ട താരങ്ങളുടെ വിവാഹമെന്ന നിലയിൽ ആശംസയും സന്തോഷവും അറിയിച്ചും മുൻ വിവാഹങ്ങളെയും വിവാദങ്ങളെയും വലിച്ചിഴച്ചും ഒക്കെ പലതരം വാർത്തകൾ ഈ സമയത്ത് വന്നിരുന്നു. അതേസമയം സോഷ്യൽ മീഡിയ വളരെയധികം പ്രശംസിച്ച ഒരു കാര്യമായിരുന്നു വിവാഹ വേളയിലെ ആര്യയുടെ മെയ്ക്ക് അപ്പും സാരിയും ആഭരണങ്ങളും മറ്റും. സ്വന്തമായി വസ്ത്ര ബ്രാൻഡ് ഉള്ള ആളായതുകൊണ്ട് തന്നെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന കാര്യമായിരുന്നു ഇവയൊക്കെ. ഇപ്പോഴിതാ വിവാഹ പന്തലിലേക്ക് താൻ അണിഞ്ഞെത്തിയ വിലകൂടിയ സാരിയെ കുറിച്ചും വിവാഹത്തലേന്ന് തന്നെ തേടിയെത്തിയ പ്രമുഖ നടിയുടെ ഫോൺ കോളിനെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ.
സ്വന്തം ബ്രാൻഡായ കാഞ്ചീവരത്തിന്റെ പ്രീമിയം കലക്ഷനിലുള്ള സാരിയാണ് ആര്യ വിവാഹത്തിന് ധരിച്ചത്. 190000 രൂപയാണ് ഈ ആഡംബര സാരിയുടെ വില. അതേസമയം കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഫോൺ കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന്, അതെ വന്നു എന്നായിരുന്നു ആര്യയുടെ ഉത്തരം. മഞ്ജു വാര്യരുടെ കോളായിരുന്നു അത്. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു എന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ തങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്നും ആര്യ കൂട്ടിച്ചേർത്തു.







