കൊച്ചി∙ യുവജ്യോത്സ്യനെ ഹോട്ടൽമുറിയിലേക്കു വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ മണ്ണുത്തി സ്വദേശിനി അൻസിയാണ് (26) എളമക്കര പൊലീസിന്റെ പിടിയിലായത്. തൃശൂർ വടക്കഞ്ചേരി സ്വദേശി ‘ആതിര’ എന്നു പരിചയപ്പെടുത്തിയാണ് അൻസി ജ്യോത്സ്യനെ സമീപിച്ചത്. ഫെയ്സ്ബുക് വഴി പരിചയപ്പെട്ടശേഷം യുവജ്യോത്സ്യനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. 13 പവൻ ആഭരണങ്ങളും ഫോണും ആണ് കവർന്നത്.
അൻസിക്കൊപ്പം കവർച്ചയിൽ പങ്കാളിയായ രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ഇതിൽ തിരുവനന്തപുരം സ്വദേശി അരുൺ എന്നു ജ്യോത്സ്യനോടു പേരു പറഞ്ഞ യുവാവും ഉൾപ്പെടുന്നുണ്ട്. ഈ പേരും വ്യാജമാണെന്നും യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടു പ്രതികൾക്കുമായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. കോതമംഗലം പുതുപ്പാടി മുളവൂർ കവലയിൽ ഒളിവിൽ താമസിക്കുകയായിരുന്നു അൻസി.