Spread the love
യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP) രജിസ്റ്ററേഷൻ ആരംഭിച്ചു

സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് (ഐ സി എ ആർ ന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലുള്ള ഗവേഷണ വിദ്യാർത്ഥികൾക്ക് 37 വയസ്സ് വരെ) അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്കാൻ കേരള ഡെവലൊപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്). ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (YIP).

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പായ 2021 -2024 ഘട്ടത്തിൽ മുപ്പതിനായിരം ടീമുകളിൽ നിന്നായി ഒരു ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.2021 ലെ കേരള ബഡ്ജറ്റ് പ്രകാരം വളരെ വിപുലമായ രീതിയിൽ ആണ് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ 2021-2024 പതിപ്പ് നടത്തുന്നത്. അതുപ്രകാരം ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന 8000 ടീമുകൾക്ക് 25000 രൂപയും അതിൽനിന്നും സംസ്‌ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന 2000 ടീമുകൾക്ക് 50000 രൂപയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന 900 ടീമുകൾക്ക് മൂന്നുവർഷംവരെ നീണ്ടുനിൽക്കുന്ന സാങ്കേതിക സഹായവും സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്‌ഥാപനങ്ങൾക്ക്‌ ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.

കേരള വികസനം മുൻനിർത്തിയുള്ള വ്യത്യസ്ത വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് YIP വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത 20 മേഖലകൾ അധിഷ്ഠിതമായിട്ടായിരിക്കും YIP 2021 ൽ വിദ്യാർത്ഥികൾ അവരുടെ ആശയ രൂപീകരണം നടത്തുന്നത്.

ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ (YIP) രജിസ്റ്റർ ചെയ്യുകയും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകുകയും ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി www.yip.kerala.gov.in സന്ദർശിക്കുക

Leave a Reply