
മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ യുവാവ് ക്രൂരമായി മർദിച്ചു. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്.
മർദനമേറ്റതിൽ ഒരു പെൺകുട്ടി നട്ടെല്ലിന് അസുഖം ബാധിച്ചയാളാണ്.
ദുർബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്.