Spread the love

കുറ്റിപ്പുറം ∙ ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ പച്ചയ്ക്കു തിന്നുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. അസം സ്വദേശിയാണ് പൂച്ചയുടെ മാംസം പച്ചയ്ക്കു ഭക്ഷിച്ചതെന്നാണ് അറിയിപ്പ്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി. പൂച്ചയുടെ മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽനിന്നെടുത്തു കളഞ്ഞ പൊലീസ്, ഇയാൾക്ക് ഭക്ഷണം വാങ്ങി കൊടുത്തു. പൊലീസ് നൽ‌കിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച ഇയാൾ പിന്നീട് അവിടെ നിന്നും പോയി.

നന്നായി വസ്ത്രം ധരിച്ചെത്തിയ യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു കഴിക്കുന്നതു പലരും കണ്ടിരുന്നു. ദുർഗന്ധം വന്നതിനെ തുടർന്ന് വ്യാപാരികൾ അടുത്തുചെന്നു നോക്കി. തുടർന്നു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും അറിയിച്ചു. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിയതാണെന്നു കരുതുന്നു.

Leave a Reply