ചവറ ∙ ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നു സംശയിക്കുന്നു. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. സംസ്കാരം ഇന്ന് 2നു നടത്തും. പെയിന്റിങ് കോൺട്രാക്ടറായിരുന്നു.
ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് നടപടി എടുത്തു.
ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ കട്ടിലിൽ നിന്നു വീണു താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാർജർ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലും ആയിരുന്നു. മൊബൈൽ ഫോണിനു തകരാർ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.