സുഹൃത്ത് താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലൂര് കരുവമ്പ്രം കിഴക്കുംപറമ്പിൽ അലിയുടെ മകൻ മുജീബ് റഹ്മാൻ (35) ആണ് ചെറുകാവ് പെരിയമ്പലത്തുള്ള ക്വാർട്ടേഴ്സിൽ മരിച്ചത്. മുജീബ് റഹ്മാനും മറ്റു രണ്ടുപേരും വെള്ളിയാഴ്ച വൈകിട്ട് സുഹൃത്ത് താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തുകയായിരുന്നു. രാത്രിയോടെ മുജീബ് റഹ്മാൻ ഒഴികെയുള്ളവർ പുറത്തേക്കുപോയി. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുഹൃത്ത് പിന്നീട് തിരിച്ചെത്തിയപ്പോൾ, മുജീബ് റഹ്മാനെ അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു എന്നാണു പറയുന്നത്.
തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പുലർച്ചെ മൂന്നോടെ കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. മുജീബ് റഹ്മാന്റെ മരണം സ്ഥിരീകരിച്ചതോടെ, 3 സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം അറിയാനാകൂ എന്ന് എസ്ഐ ഫദിൽ റഹ്മാൻ അറിയിച്ചു.