ശബരിമല യുവതീപ്രവേശന കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നും കത്തിൽ ദേവകി അന്തർജനം പറയുന്നു. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ചിത്രവും കത്തിനൊപ്പം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുള്ളതായും കത്തിൽ ദേവകി അന്തർജനം ചൂണ്ടിക്കാട്ടി. 87 വയസായ താൻ വിധി കേൾക്കുവാൻ വേണ്ടി ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണ് ഇതെന്നും കത്തിൽ ദേവകി അന്തർജനം പറയുന്നു.