കാലടി (എറണാകുളം)∙ കോളജ് വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിക്കുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിലായി. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.