ബോക്സോഫീസിൽ കൊടുങ്കാറ്റ് തീർത്ത വരവായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പ: 2 ദി റൂൾ. സുകുമാർ സംവിധാനം ചെയ്ത ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ഇതുവരെ ആഗോള തലത്തിൽ 900 കോടി നേടിയെന്നാണ് വിവരം. ബോളിവുഡിൽ നിന്നാണ് ചിത്രം ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയത്. 300 കോടിയിലേറെ രൂപയാണ് നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഇതേ പ്രകടനം വരും ദിവസങ്ങളിലും തുടരാനായാൽ ചിത്രം വൈകാതെ ആയിരം കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കളക്ഷൻ ഇത്രയും നേടുമ്പോൾ താരങ്ങളുടെ പ്രതിഫലം എത്രയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രധാന താരമായ അല്ലു അർജുന് ലാഭവിഹിതത്തിന്റെ 40 ശതമാനമാണ് പ്രതിഫലമായി ലഭിക്കുന്നത്. തുടർഭാഗം നിർമിക്കാനുമിരിക്കെയാണിത്. സൈൻ ചെയ്ത് ഒരു നിശ്ചത തുക എന്ന നിലയ്‌ക്കല്ല താരത്തിന്റെ പ്രതിഫലമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബോളിവുഡിൽ നിരവധി താരങ്ങൾ പിന്തുടരുന്ന പ്രൊഫിറ്റ് ഷെയറിംഗ് രീതിയാണ് അല്ലുവും പിന്തുടർന്നത്.
പുഷ്പയുടെ ആദ്യ ഭാഗത്തിൽ മൂന്ന് കോടി രൂപയായിരുന്നു രശ്മികയുടെ പ്രതിഫലം. രണ്ടാം ഭാഗമെത്തുമ്പോൾ എട്ടുകോടി രൂപയാണ് വർദ്ധിച്ചത്. 11 മുതൽ 12 കോടി രൂപയാണ് രശ്മിക ശമ്പളമായി കൈപ്പറ്റിയത്. നടിയുടെ താരമൂല്യം ഉയർന്നതാണ് പ്രതിഫല കാര്യത്തിലും വലിയൊര് ഉയർച്ചയ്‌ക്ക് കാരണമായത്. ശേഷിക്കുന്ന ലാഭവിഹിതം തുല്യമായി നിർമാതാക്കളും സംവിധായകനും ചേർന്ന് വീതിക്കും. 30 ശതമാനം വീതമാകും സംവിധായകൻ സുകുമാറിനും നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനും ലഭിക്കുക.