സാമ്പത്തികഭദ്രതയോടെ ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ നിരവധി നിക്ഷേപപദ്ധതികളിലും ആളുകൾ ചേരാറുണ്ട്. പക്ഷെ ഏത് പദ്ധതിയിൽ ചേരുമ്പോഴാണ് നമ്മുടെ നിക്ഷേപത്തിൽ നിന്ന് വൻലാഭം ലഭിക്കുകയെന്ന കാര്യത്തിൽ പലയാളുകൾക്കും സംശയമുണ്ട്. തപാൽ വകുപ്പിന് കീഴിലുളള പല പദ്ധതികളും നിക്ഷേപകർക്ക് മികച്ച ലാഭമാണ് നൽകുന്നത്.
പോസ്റ്റോഫീസ് റെക്കറിംഗ് ഫണ്ട് അല്ലെങ്കിൽ ആർ ഡിയിൽ ചേരുന്നവർക്ക് മികച്ച ലാഭമാണ് ലഭിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചുകൊണ്ട് ആർഡിയിൽ ചേരാവുന്നതാണ്. ദീർഘകാലം ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച പലിശയും ലഭിക്കും. ആർഡിയിൽ അഞ്ച് വർഷത്തേക്കാണ് നിക്ഷേപമുളളത്. ആവശ്യമുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം തുടരാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുണ്ടെങ്കിൽ ആർഡി അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.
എല്ലാ മാസവും മുടങ്ങാതെ നിക്ഷേപം നടത്തേണ്ടതാണ്. വെറും 100 രൂപ നിക്ഷേപിച്ച് ആർഡിയിൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ദിവസവും 100 രൂപ മാറ്റിവച്ച് ആർഡിയിൽ നിക്ഷേപിക്കുന്നവരും ഉണ്ട്. പ്രതിവർഷം 6.7 ശതമാനം നിരക്കിൽ ആർഡിയിൽ നിന്ന് നിക്ഷേപത്തിന് പലിശയും ലഭിക്കും. ഈ പദ്ധതിയിൽ ഒരു വർഷം പൂർത്തിയാക്കിയ നിക്ഷേപകർക്ക് അവരുടെ മുഴുവൻ തുകയുടെ 50 ശതമാനം വരെ വായ്പ എടുക്കാനുളള സൗകര്യമുണ്ട്. എന്നാൽ ഇങ്ങനെ വായ്പ എടുക്കുവാണെങ്കിൽ പലിശ നിരക്ക് ആർഡി നിരക്കിനേക്കാൾ രണ്ട് ശതമാനം കൂടുതലാണ്.
പദ്ധതിയിൽ നിങ്ങൾ അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ വീതമാണ് നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം ആറ് ലക്ഷമാണ്. പലിശയിനത്തിൽ മാത്രം 1,13,659 രൂപയും ലഭിക്കും. അങ്ങനെ കാലാവധി പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 7,13,659 രൂപ ക്രെഡിറ്റാകും. പ്രതിമാസം ഒറ്റയടിക്ക് 10,000 രൂപ കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ദിവസവും 333 രൂപ മാറ്റിവച്ചാലും മതി. അടുത്തുളള പോസ്റ്റോഫീസ് ശാഖയുമായി ബന്ധപ്പെട്ട് ആർഡി നിക്ഷേപങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാവുന്നതാണ്.










