ആലപ്പുഴ : മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. സക്കീർ ഹുസൈൻ (26) എന്നയാളാണു പിടിയിലായത്. മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപംവച്ചു രാത്രി പത്തരയോടെയാണു യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് നർകോട്ടിക് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷും സംഘവും പിടികൂടിയത്. ഒഡീഷയിലെ സാമ്പൽ പൂർ എന്ന സ്ഥലത്തുനിന്നാണു സക്കീർ ഹുസൈൻ സ്ഥിരമായി കഞ്ചാവു വാങ്ങുന്നത്. ദൻബാദ് എക്സ്പ്രസിൽ ആലപ്പുഴയിൽ വന്നിറങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനാൽ തുറവൂർ, മാരാരിക്കുളം തുടങ്ങിയ തിരക്കുകുറഞ്ഞ സ്റ്റേഷനുകളിലാണു സക്കീർ ഇറങ്ങാറുള്ളത്. ഇയാൾ നിരവധി കഞ്ചാവു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിൽ കേസ് നിലവിലുണ്ട്. ഒരു മാസത്തിനുള്ളിൽ തന്നെ നിരവധി തവണ ഒഡീഷയിൽ പോയി സക്കീർ ഹുസൈൻ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണു സൂചന.