ആലപ്പുഴ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. കലക്ടറേറ്റിലേക്ക് മാർച്ച് എത്തുന്നതിന് മുൻപുതന്നെ ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലീസ് തടുത്തു.
നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ പൊലീ സ് ലാത്തിവീശി; ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും എറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്കു പരുക്കേറ്റു. വനിതാ പ്രവർത്തകർക്കും ലാത്തി കൊണ്ട് തലക്ക് അടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം തലയ്ക്ക് പരുക്കേറ്റ് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകർക്കു പൊലീസ് ചികിത്സ നിഷേധിച്ചതായി പരാതിയുണ്ട്.
പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. ഗതാഗതക്കുരുക്കിനെ തുടർന്നു വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.