ലക്നൗ∙ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ ലക്നൗവിലെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ 4.15നാണ് സംഭവമെന്നാണ് വിവരം. ലക്നൗവിനു സമീപം താക്കൂർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ മന്ത്രിയുടെ വസതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.യുവാവിന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഒരു റിവോൾവർ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ പേരിലുള്ളതാണ് ഈ റിവോൾവർ. വികാസിന്റെ സുഹൃത്താണ് മരിച്ച വിനയ് എന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. ലക്നൗ പൊലീസും സ്ഥലത്തുണ്ടെന്ന് ലക്നൗ വെസ്റ്റ് ഡിസിപി രാഹുൽ രാജ് അറിയിച്ചു.
‘‘വിനയ് ശ്രീവാസ്തവ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വികാസ് കിഷോറിന്റെ പേരിലുള്ള ഒരു പിസ്റ്റൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.’ – രാഹുൽ രാജ് പറഞ്ഞു.അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു. സംഭവത്തിനു പിന്നിൽ ആരായാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘‘സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. പൊലീസും ഫൊറൻസിക് ടീമും രംഗത്തുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടയാൾ ആരായാലും വെറുതേ വിടില്ല. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. സംഭവം നടക്കുമ്പോൾ ആരാണ് വീട്ടിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല’ – മന്ത്രി പറഞ്ഞു.