തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കൾ പിടിയിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പൊലീസ് പിടികൂടിയത്.
ഗുരുവായൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഇവരുടെ ഭീഷണികള്‍ കണക്കിലെടുക്കാതെ പൊലീസില്‍ പരാതി നല്‍കി മുന്‍പോട്ട് വന്നത്. ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് ഇവർ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നാലെ പ്രണയം നടിച്ച്, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളിൽ നഗ്‌നത പ്രദർശിപ്പിച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
ഭീഷണിയെ തുടർന്ന് കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി. ഇവരുടെ നിർദ്ദേശ പ്രകാരം മലപ്പുറത്ത് നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. യുവാക്കളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗീക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ട്. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.