സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതും പിന്നീട് നിർമ്മാതാക്കൾ നടത്തുന്ന നിയമ യുദ്ധവുമാണ് മലയാളം ഫിലിം ഇൻഡസ്ട്രീയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ചൂടൻ ചർച്ച. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് നൽകിയിരിക്കുന്ന ജാനകി എന്ന പേര് സീതയുടെ പര്യായമാണെന്നും അത് മാറ്റാതെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. പിന്നാലെ ഇതിന് വിസമ്മതിച്ച നിർമ്മാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. നിർമ്മാതാക്കളുടെ നിലപാടിനെ പിന്തുണച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തിനെ വിലക്കുന്ന സെൻസർ ബോർഡിന്റെ പ്രവർത്തികളെ വിമർശിച്ചും ഫെഫ്ക്ക അടക്കമുള്ള സിനിമാ സംഘടനകളും പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനു മോഹനും. നടനും സമരപരിപാടിയുടെ ഭാഗമായിരുന്നു.
വിനു മോഹന്റെ വാക്കുകൾ
‘നിവേദ്യം എന്ന സിനിമ ഇന്നായിരുന്നു റിലീസെങ്കില്‍ അതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് ആലോചിച്ച് പേടിയുണ്ട്. കാരണം, അതില്‍ കാണിച്ചിരിക്കുന്ന രംഗങ്ങളെ മറ്റൊരു തരത്തില്‍ വായിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്. സമരത്തിനിടയില്‍ ഞാനിത് മറ്റുള്ളവരോട് സംസാരിച്ചിരുന്നു. എന്റെ സിനിമക്ക് മാത്രമല്ല, പല സിനിമകള്‍ക്കും ഇതുപോലെ പ്രശ്‌നം വന്നേനെ.
നിര്‍മാല്യം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ വിഗ്രഹത്തിലേക്ക് തുപ്പുന്ന സീനിനെ ഇന്നത്തെ കാലത്ത് പല രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാന്‍ സാധിക്കാത്തവര്‍ക്കാണ് പ്രശ്‌നം. ക്രിയേറ്റിവിറ്റിയിലേക്ക് അനാവശ്യമായിട്ട് നടത്തുന്ന കൈകടത്തലുകളാണ് ഇതൊക്കെ. അതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്.
കാലം ചെല്ലുന്തോറും നമ്മുടെ സമൂഹം നന്നാകുമെന്ന് വിചാരിക്കുമ്പോള്‍ ഒരുപാട് വര്‍ഷം പിറകിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴത്തെ യുവാക്കള്‍ നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇതുമൊരു കാരണമാണ്. അവര്‍ നോക്കുമ്പോള്‍ ഇവിടെ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല,’ വിനു മോഹന്‍ പറയുന്നു









