വിവാദ പരാമർശത്തെ തുടർന്ന് യൂട്യൂബർക്ക് നഷ്ടമായത് 2 മില്യൺ സബ്സ്ക്രൈബേഴ്സിനെ. ഇന്ത്യയിലെ പ്രമുഖ യൂട്യൂബറായ രൺവീർ അലഹബാദിയയുടെ ബീർ ബൈസെപ്സ് (Beer Biceps) എന്ന യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സാണ് ചാനൽ ബഹിഷ്കരിച്ചത്. അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ രൺവീർ അലഹബാദിയ നടത്തിയ അശ്ലീല പരാമർശം വിവാദമായതോടെയാണ് സംഭവം.
സമയ് റൈന എന്ന കൊമേഡിയൻ നടത്തിയ India’s Got Latent എന്ന ആക്ഷേപഹാസ്യ ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. മാതാപിതാക്കൾ ശാരീരകബന്ധത്തിലേർപ്പെടുന്നത് സംബന്ധിച്ച് രൺവീർ നടത്തിയ പരമാർശം തീർത്തും അശ്ലീലവും ആക്ഷേപകരവുമായിരുന്നു. ഇതോടെ താരത്തിനെതിരെ വൻ വിമർശനമുയർന്നു. തുടർന്ന് രൺവീർ മാപ്പ് ചോദിക്കുകയും ചെയ്തു.
ജനുവരി 31ന് രൺവീറിന്റെ യൂട്യൂബ് ചാനലായ Beer Bicepsന് 10.5 മില്യൺ സബ്സ്ക്രൈബേഴ്സാണുണ്ടായിരുന്നത്. എന്നാൽ വിവാദമായതോടെ പലരും അൺ-സബ്സ്ക്രൈബ് ചെയ്യാൻ തുടങ്ങി. ഫെബ്രുവരി 10 ആകുമ്പോഴേക്കും എണ്ണം 8.1 മില്യണായി ഇടിഞ്ഞു. അതായത് 2 മില്യണിലധികം പേരാണ് രൺവീറിന്റെ ചാനൽ ബഹിഷ്കരിച്ചത്.