Spread the love
പതറാതെ സെലന്‍സ്ക; നഷ്ടപ്പെടാനുള്ളത് സ്വാതന്ത്ര്യം മാത്രമെന്നും റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രസിഡന്റ്

കീവ്: യുക്രൈനിലേക്ക് അധിനിവേശം നടത്തിയതിന് റഷ്യ വലിയ വിലനല്‍കേണ്ടിവരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. യുദ്ധത്തിനു ശേഷം യുക്രൈന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങള്‍ വളയുന്ന പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുടെ പരാമര്‍ശം.
സ്വാതന്ത്ര്യം ഒഴികെ തങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ലെന്ന് പറഞ്ഞ സെലെന്‍സ്‌കി, അന്താരാഷ്ട്ര സഖ്യകക്ഷികളില്‍നിന്ന് എല്ലാദിവസവും ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാ വീടുകളും തെരുവുകളും നഗരങ്ങളും പൂര്‍വസ്ഥിതിയിലാക്കും. നഷ്ടപരിഹാരം, സംഭാവന എന്നീ വാക്കുകള്‍ പഠിക്കൂ എന്നാണ് റഷ്യയോടു പറയാനുള്ളത്. രാജ്യത്തിനും യുക്രൈന്‍ പൗരന്മാര്‍ക്കും എതിരേ ചെയ്ത ഓരോന്നിനും റഷ്യ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ അധിനിവേശത്തിനെതിരായ രാജ്യത്തിന്റെ വീരോചിത ചെറുത്തുനില്‍പ്പില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് സെലെന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ തന്ത്രങ്ങളെ
രാജ്യം പരാജയപ്പെടുത്തിയെന്നും നഗരങ്ങളില്‍ നിന്ന് അവരെ തുരത്തുന്ന യുക്രൈന്‍ ജനതയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.

‘ഒരൊറ്റ ആഴ്ചയില്‍ ശത്രുവിന്റെ പദ്ധതികള്‍ തകര്‍ത്ത രാഷ്ട്രമാണ് ഞങ്ങള്‍. വര്‍ഷങ്ങള്‍കൊണ്ട് അവര്‍ തയ്യാറാക്കിയ പദ്ധതികള്‍ ഞങ്ങള്‍ തകര്‍ത്തു. അവരുടെ മനോവീര്യം തകര്‍ത്തു. വെറുംകൈയോടെ പുറത്തിറങ്ങി കടന്നുകയറ്റക്കാരെ നഗരങ്ങളില്‍ നിന്ന് തുരത്തുന്ന യുക്രൈന്‍ ജനതയെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു, ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സെലെന്‍സ്‌കി പറഞ്ഞു.

യുക്രൈനില്‍ നിന്ന് കടുത്ത തിരിച്ചടി ലഭിക്കുമെന്ന് ഓരോ കടന്നുകയറ്റക്കാരും അറിഞ്ഞിരിക്കണമെന്നും സെലെന്‍സ്‌കി പറഞ്ഞു. ഞങ്ങള്‍ തോറ്റുകൊടുക്കില്ലെന്ന് അവര്‍ എല്ലാക്കാലവും ഓര്‍മിക്കും. ഒരാഴ്ചയ്ക്കിടെ 9,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് അവകാശപ്പെട്ടു. ഇതിനിടെ ആക്രമണം ആരംഭിച്ചതിന് ശേഷം തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു.

Leave a Reply