നാടക സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു(80) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ വ്യാഴാഴ്ച. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.
പി ജെ തീയറ്റേഴ്സിന്റെ “ദൈവവും മനുഷ്യനും” എന്ന നാടകത്തിലെ ഗാനം “ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ “എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന പേര് കൂട്ടിച്ചേർത്തത്.
ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1960കൾ മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിഞ്ഞു..
പത്താം വയസിൽ പാടിത്തുടങ്ങി. ലതാമങ്കേഷ്കറുടെ ശബ്ദം അനുകരിച്ചാണ് ശ്രദ്ധ നേടിയത്. സിനിമയിലെ ആദ്യ ഗാനം “കുടുംബിനി” യിൽ എൽ പീ ആർ വർമ്മ സംഗീതം നൽകിയ ” കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ” ആണ്. തുടർന്ന് തോമസ് പിക്ചർസിന്റെ “പോർട്ടർ കുഞ്ഞാലി” യിൽ ബാബുരാജ്, ശ്രീമൂലനഗരം വിജയൻ ടീമിന്റെ ” വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പൂതി വച്ച്”. അത് കഴിഞ്ഞു ബാബുരാജിന്റെ തന്നെ സംഗീതത്തിൽ സുബൈദയിൽ മെഹ്‌ബൂബുമൊത്തു പാടിയ “കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാൽ സുന്ദരി മണവാട്ടി” എന്ന കോമഡി ഗാനം വളരെ പ്രശസ്തമായി തീർന്നു.അറുപതോളം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്.അവസാനമായി അഭിനയിച്ചത് കാബൂളിവാല സിനിമയിലാണ്.