തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.ഇന്ന് പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസങ്ങൾക്കും സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.








