തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കുമാണ് സൗജന്യ കരുതൽ ഡോസ് നൽകിയിരുന്നത്.
ഇന്ന് ആകെ 1002 കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 97 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ എല്ലാവരും കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്സിനിലൂടെ പ്രതിരോധവും ഉറപ്പാക്കണം. വാക്സിനെടുക്കാൻ ശേഷിക്കുന്നവർ വാക്സിനെടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല. ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിൻ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കുകയുള്ളൂ. മാസങ്ങൾ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അർഹരായ എല്ലാവരും കരുതൽ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിൻ എടുത്ത് ആറ് മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതൽ ഡോസ് എടുക്കാൻ സാധിക്കുകയുള്ളൂ. സെപ്തംബർ മാസം അവസാനം വരെയാണ് സൗജന്യ വാക്സിൻ നൽകുന്നത്.
12 മുതൽ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 15 മുതൽ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 59 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേർക്ക് രണ്ടാം ഡോസും പത്ത് ശതമാനം പേർക്ക് കരുതൽ ഡോസും നൽകിയതായും മന്ത്രി അറിയിച്ചു.