വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഒരു മലയാളം നടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത പ്രേക്ഷകർ താരത്തിന് നൽകിയിരുന്നു. എന്നാൽ തെന്നിന്ത്യൻ ആരാധകർ താരത്തെ ആസ്വദിച്ച് തുടങ്ങും മുൻപേ വിധി വില്ലനായെത്തുകയായിരുന്നു. 2004ൽ സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരണപെടുകയായിരുന്നു. എന്നാൽ ഇതൊരു അപകടമരണം അല്ലെന്നും തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവു താരത്തെ സ്വത്തു തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണങ്ങൾ ഈയിടയ്ക്ക് ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫും.
കിളിച്ചുണ്ടൻ മാമ്പഴം എന്ന പ്രിയദർശൻ ചിത്രത്തിൽ കൊച്ചിൻ ഹനീഫയും ഭാഗമായിരുന്നു. ചിത്രത്തെക്കുറിച്ച് നല്ലതും ചീത്തയുമായ നിരവധി അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു എങ്കിലും നായിക കഥാപാത്രം കൈകാര്യം ചെയ്ത സൗന്ദര്യയെ കുറിച്ച് ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആ സിനിമയിൽ ആരും താരത്തെക്കുറിച്ച് ഒരു എതിരഭിപ്രായവും പറഞ്ഞിട്ടില്ലെന്നും ചിത്രത്തിനുശേഷം കൊച്ചിൻ ഹനീഫ നടിയെ കുറിച്ച് പറഞ്ഞതും ആലപ്പി അഷ്റഫ് പരാമർശിക്കുന്നുണ്ട്.
‘ സൗന്ദര്യയുടെ സൗന്ദര്യം മുഖത്തും ശരീരത്തിലും മാത്രമല്ല. അവരുടെ മനസ്സിലും പ്രവർത്തിയിലും നിറഞ്ഞു തുളുമ്പുകയാണ്’ എന്നായിരുന്നു കൊച്ചിൻ ഹനീഫ താരത്തെക്കുറിച്ച് പറഞ്ഞത് എന്ന് ആലപ്പി അഷ്റഫ് ഓർത്തെടുക്കുന്നു.
സൗന്ദര്യ തന്റെ വ്യക്തിജീവിതത്തിലെ പല കാര്യങ്ങളിലും അഭിപ്രായം തിരക്കിയിരുന്നത് സംവിധായകൻ ആർ വി ഉദയകുമാറിനോടായിരുന്നു എന്നു പറഞ്ഞ് ആലപ്പി അഷ്റഫ് സൗന്ദര്യ ആന്ധ്രയിലും കർണാടകയിലും വച്ച് പല പ്രണയകുരുക്കുകളിലും അകപ്പെട്ടിട്ടുണ്ടെന്ന് ഉദയകുമാർ പറഞ്ഞിട്ടുണ്ട് എന്നും യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്നും ആർവി ഉദയകുമാറും കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
അതേസമയം സൗന്ദര്യയുടെ രാഷ്ട്രീയ പരിപാടികളുമായുള്ള ബന്ധത്തെക്കുറിച്ചും സഹോദരനെ കുറിച്ചും ആലപ്പി അഷ്റഫ് വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. സൗന്ദര്യ രാഷ്ട്രീയത്തിൽ ഭാഗമാകാൻ കാരണം സഹോദരൻ അമർനാഥാണ്. പാർട്ടി പരിപാടികളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്ക് ആവേശം പകരുന്നതിനാണ് അമർനാഥ് മിക്കപ്പോഴും സൗന്ദര്യയെ കൂട്ടിക്കൊണ്ട് പോയിരുന്നത് എന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ഒരു പാർട്ടി പരിപാടിക്കായി 150 അടി മുകളിലേക്ക് പറന്നുയർന്ന വിമാനം നിയന്ത്രണം വിട്ട് നിലത്തേക്ക് പതിച്ച് കത്തി നശിക്കുകയായിരുന്നു.മരിച്ചവരെ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു. ഒടുവിൽ ഡിഎൻഎ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്.
അതേസമയം വർഷങ്ങൾക്കിപ്പുറം സൗന്ദര്യയുടെ മരണത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്നതിൽ അന്വേഷണം നടക്കുകയാണെന്നും എന്നാൽ സൗന്ദര്യ യാത്ര ചെയ്ത വിമാനം പരിശീലനത്തിന് വേണ്ടി മാത്രമുളളതായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു . അതിന്റെ ഇൻഷുറൻസ് കമ്പനി പുതുക്കിയിരുന്നില്ല അതുകൊണ്ടുതന്നെ നഷ്ടമുണ്ടായത് മലയാളി പൈലറ്റായ ജോയി ഫിലിപ്പിന്റെ കുടുംബത്തിനായിരുന്നു’- എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.