പൊതുജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ബസുകളുടെ മത്സരയോട്ടം കാരണം ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ വലിയ അപകടം മുന്നിൽ കണ്ടെന്നും രക്ഷപ്പെട്ടത് തലനാരിഴ്ക്കാണെന്നും മാധാവ് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രൈവറ്റ്- കെഎസ്ആർടിസി ബസുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഇവരുടെ രണ്ട് പൊട്ടിക്കാനുള്ള ലൈസൻസ് നൽകണമെന്നും മാധവ് കുറിച്ചു. പെരിന്തൽമണ്ണ താഴേക്കോട് വാലിപ്പാറയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു മാധവിന്റെ വാക്കുകൾ.
‘ കേരളത്തിലെ ജനങ്ങൾ പൊതുവായി നേരിടുന്ന അവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ വച്ച് നടന്ന ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന റോഡായിരുന്നു അത്. അവിടെയാണ് അർദ്ധരാത്രി രണ്ട് ബസുകൾ മത്സരയോട്ടം നടത്തുന്നത്. അവരുടെ മത്സരയോട്ടം കാരണം ഞങ്ങളുടെ കാർ റോഡരികിലേക്ക് ഒതുക്കേണ്ടി വന്നു. കാർ മരത്തിൽ ഇടിച്ചു കയറാതെ സെന്റീമീറ്ററുകളുടെ വ്യത്യാസത്തിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പ്രൈവറ്റ്- കെഎസ്ആർടിസി ബസുകളുടെ അശ്രദ്ധമായ ഓട്ടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഇല്ലെങ്കിൽ മറ്റൊരു വഴി കൂടി എനിക്ക് മുന്നിലുണ്ട്. ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് അടിച്ച് പൊട്ടിക്കാനുമുള്ള ക്ലീൻ പാസ് എനിക്ക് നൽകണം.” മാധവ് സുരേഷ് കുറിച്ചു.