കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ പരാതി നൽകാൻ എത്തിയ ദളിത് യുവതി ബിന്ദുവിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ടത് കടുത്ത അവഗണനയാണ്. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു എന്നും ബിന്ദു ആരോപിച്ചു.
കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. പലരീതിയിൽ ബന്ധപ്പെട്ട് മുൻകൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ അനുമതി ലഭിക്കുകയെന്നിരിക്കെ അത്തരത്തിൽ അഭിഭാഷകനൊപ്പം പരാതി നൽകാൻ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമുണ്ടായത്.
ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി ശശിയെന്നയാള്‍ക്കാണ് പരാതി നൽകിയെന്നും ബിന്ദു പറഞ്ഞു. താൻ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.
പേരൂർക്കട സ്റ്റേഷനിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയായ ബിന്ദുവെന്ന യുവതിയെ 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ തിരുവനന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. അസിസ്റ്റന്‍റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പൊലീസിന്‍റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചത്.