ഉലകനായകന് കമല്‍ ഹാസനും ഹിറ്റ് മേക്കര്‍ മണിരത്നവും 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ വലിയ ഹൈപ്പോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് വന്‍ വിഷ്വല്‍ ട്രീറ്റ് നല്‍കിയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. എന്നാല്‍ ചുംബന വിവാദത്തില്‍ പെട്ടിരിക്കുകയാണ് കമല്‍ ഹാസന്. ട്രെയ്ലറില് കാണിച്ചിരിക്കുന്ന ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.
ട്രെയ്ലറില് നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 70 വയസുകാരനായ കമല്ഹാസന് 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ സിമ്പുവിന്റെ ജോഡിയല്ല തൃഷ എന്നതും ചര്‍ച്ചയാകുന്നുണ്ട്.
രണ്ട് നായികമാരാണോ കമലിന് എന്ന ചോദ്യമാണ് ഉയരുന്നത്. കമല്‍ ഹാസന്റെ മകളായ ശ്രുതി ഹാസനേക്കാള്‍ മൂന്ന് വയസ് മാത്രമേ രണ്ട് നടിമാര്‍ക്കും കൂടുതലുള്ളൂ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തന്റെ സിനിമകളിലെ ചുംബന രംഗങ്ങളാല്‍ മുമ്പും വിവാദത്തിലായിട്ടുള്ള കമല്‍ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഈ രംഗം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്.
കമലിനെപ്പോലെയുള്ള മുതിര്‍ന്ന നടന്മാര് ഇത്തരം സീനുകള്‍ ഒഴിവാക്കണമെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം ഈ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന പ്രതികരണങ്ങളും എത്തുന്നുണ്ട്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഈ രംഗങ്ങളില്‍ തെറ്റില്ല. പ്രായമുള്ള ഗുണ്ടാ നേതാവ് ഒരു യുവതിയുമായി ബന്ധം പുലര്‍ത്തുന്നു എന്നതാണ് ആ രംഗങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയാണ് ചില കമന്റുകള്‍.