തമിഴ്നാട്ടുകാരി ആണെങ്കിലും ഒരുകാലത്ത് മലയാളികൾക്ക് എല്ലാമെല്ലാമായിരുന്നു നടി ചാർമിള. അന്ന് സിനിമയുടെ പ്രശസ്തിയിലും പണത്തിന്റെ സുലഭതയിലും ജീവിച്ച നടി ഇപ്പോൾ സാധാരണക്കാരിയെ പോലെയാണ് ജീവിക്കുന്നത്. മകന്റെ പഠനം പോലും മറ്റുള്ളവരാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഇപ്പോഴത്തെ നടിയുടെ പതനത്തിന് മലയാള സിനിമയും വലിയൊരു കാരണമായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതൽ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തിൽ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തിൽ അഭിനയിച്ചുകൊണ്ട് അധികനാൾ പിടിച്ച് നിൽക്കാൻ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേർപിരിയലിൽ കലാശിച്ച ജീവിതത്തിലെ ദുരിതപർവം
വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ തുലനം ചെയ്യണമെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടി ചാർമിളയുടെ താളം തെറ്റിയ ജീവിതത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ വീഡിയോ ആരംഭിക്കുന്നത്. വേർപിരിയലിൽ കലാശിച്ച ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ച് പറയുന്നത് ന്യായമല്ലെന്ന് അറിയാം. എന്നാൽ ചാർമിള തന്നെ പലകുറി ചാനലുകളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പറയുന്നത്. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളുമായി തമിഴ്നാട്ടിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദര ശലഭമായിരുന്നു ചാർമിള എന്ന നടി.
വിടർന്ന് ശോഭയാർന്ന കണ്ണുകൾ, പ്രകാശം പടർത്തുന്ന പുഞ്ചിരി, കുട്ടിത്തം നിറഞ്ഞ പ്രകൃതം. ധനത്തിലും കാബൂളിവാലയിലും കേളിയിലും മലയാളികൾക്ക് മറക്കാനാവാത്ത സുന്ദര ഗാനങ്ങളിലൂടെ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്ന മുഖശ്രീ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അവർക്ക് മലയാള സിനിമ തിരിച്ച് സമ്മാനിച്ചത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതും വേദന നിറഞ്ഞതുമായ അനുഭവങ്ങൾ മാത്രമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം അവർ തമിഴിലെ സൺ ടിവി ഉൾപ്പടെയുള്ള നിരവധി ചാനലുകൾക്ക് കൊടുത്ത അഭിമുഖം കണ്ടാൽ മലയാളികളായ നാം ലജ്ജിച്ച് തല താഴ്ത്തേണ്ടി വരും. പയ്യന്മാരായ മൂന്ന് നിർമാതാക്കൾ ചേർന്ന് ഒരു സിനിമ എടുക്കുന്നു. അവർ മൂന്നുപേരും ചാർമിളയുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങുന്നു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാൾ അവർ ആവശ്യപ്പെടുന്നു ഞങ്ങളിൽ ഒരാളുടെ കൂടെ ചേച്ചി സഹകരിക്കണമെന്ന്. അത് ആരെ വേണമെന്ന് ചേച്ചിക്ക് തന്നെ തീരുമാനിക്കാം. പണം ഒരു പ്രശ്നമേയല്ല. ഈ കാര്യങ്ങൾ തന്നോട് അവതരിപ്പിച്ച പയ്യന്റെ ഭാര്യയെ താൻ കണ്ടിരുന്നുവെന്ന് ചാർമിള പറയുന്നു
തമിഴ് നടി സ്നേഹയെപ്പോലെ അതി സുന്ദരി അതേ രൂപം. ഇത്രയും സുന്ദരിയായ ഭാര്യയുള്ള നിങ്ങളാണോ ചേച്ചിയുടെ പ്രായമുള്ള തന്നോട് ഇങ്ങനെ പറയുന്നതെന്ന് ചാർമിള ചോദിച്ചു. ആപ്പിൾ തോട്ടമുള്ളവൻ മുന്തിരിയും ഓറഞ്ചും ഒന്നും കഴിക്കേണ്ടെന്നാണോ ചേച്ചി പറയുന്നത് എന്നായിരുന്നു ചാർമിളയ്ക്ക് അയാൾ തിരിച്ച് നൽകിയ മറുപടി. ഒടുവിൽ അതുവരെ അഭിനയിച്ചതിന്റെ പണം പോലും വാങ്ങാതെ ചാർമിള ആ സെറ്റിൽ നിന്നും തിരികെ പോയി.
കാലം മാറി പോച്ച് എന്ന സിനിമയുടെ മലയാളം റീമേക്കിന്റെ ഷൂട്ട് പൊള്ളാച്ചിയിൽ നടക്കുമ്പോൾ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാൻ ചാർമിള തുടങ്ങിയപ്പോൾ നിർമ്മാതാവിനോട് യാത്ര പറഞ്ഞിട്ട് പോകാൻ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. സഹായികളായ സ്ത്രീകൾക്കൊപ്പം ചാർമിള നിർമാതാവിന്റെ റൂമിലെത്തി. എട്ട് പേർ മദ്യപിച്ച് ഇരിക്കുന്ന രംഗമാണ് ചാർമിള അവിടെ കണ്ടത്. ഉടനെ ഇവരെ അവരിൽ പലരും കടന്നുപിടിച്ചു. ചാർമിളയുടെ ഒപ്പം ഉണ്ടായിരുന്ന മേക്കപ്പ് ചെയ്ത് കൊടുക്കുന്ന സ്ത്രീയുടെ സാരി അവരിൽ പലരും വലിച്ച് അഴിച്ചു.
തന്നെ കടന്ന് പിടിച്ചയാളുടെ കയ്യിൽ കടിച്ച് പിടി വീടുവിപ്പിച്ച് ഇറങ്ങിയോടി. എന്നാൽ ആ ഹോട്ടൽ ഉടമകൾ പോലും ചാർമിളയുടെ പരാതി ചെവി കൊണ്ടില്ല. പിന്നീട് അതേ ഹോട്ടലിന് മുമ്പിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ചാർമിളയ്ക്ക് രക്ഷകരായി എത്തിയത്. ശേഷം പോലീസ് വന്ന് എല്ലാവരേയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ആ കേസിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ചാർമിള പറയുന്നു. മലയാള സിനിമയിൽ നിന്നും ഇതുപോലെ നിരവധി ദുരനുഭവങ്ങൾ ചാർമിളയ്ക്കുണ്ടായി.
തമിഴ് സിനിമയിൽ നിന്നും താൻ മലയാള സിനിമയിലേക്ക് മാറാനുള്ള കാരണം മലയാള സിനിമയിലെ മാന്യമായ വസ്ത്രധാരണമാണെന്നാണ് ചാർമിള പറഞ്ഞത്. തമിഴിലാകുമ്പോൾ ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. തമിഴ് സിനിമയിൽ ബിക്കിനിയും സ്വിമ്മിങ് ഷൂട്ടുമൊക്കെ നായിക തന്നെ ധരിക്കണം. അതുകൊണ്ട് കൂടിയാണ് ചാർമിള മലയാള സിനിമയിൽ നിന്നും വരുന്ന ഓഫറുകൾ കൂടുതലായും സ്വീകരിച്ചത്. എന്നാൽ മലയാളത്തിൽ വന്ന് പെട്ട തനിക്ക് ഒരു ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെന്നും അഷ്റഫ് പറഞ്ഞു.
കാത്തോലിക്കാ കുടുംബാംഗമാണ് ചാർമിള. പ്രതിസന്ധികളിൽ പ്രാർത്ഥനയേ മുറുകെ പിടിക്കുന്ന കുടുംബം. അതിനാൽ തന്നെ സത്യസദ്ധതയ്ക്കും ആത്മാർത്ഥതയ്ക്കും ചാർമിള വലിയ പ്രാധാന്യം കൊടുത്തു. നടിയുടെ ആദ്യ പ്രണയത്തിൽ തന്നെ ആത്മാർത്ഥത പ്രതിഫലിച്ചു. ആ പ്രണയത്തിനുവേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിക്കാൻ നടി ശ്രമിച്ചതിൽ നിന്ന് തന്നെ ആത്മാർത്ഥത നമുക്ക് വായിച്ചെടുക്കാം. പ്രണയിച്ചയാളെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഒരു ക്രിസമസിന് നിർമാതാവ് ബൈജു കൊട്ടാരക്കര ചാർമിളയെ കാണാൻ ചെന്നപ്പോൾ കാമുകനുള്ള സമ്മാനങ്ങളുമായി റെഡിയായി ഇരിക്കുകയായിരുന്നു നടി. സമ്മാനങ്ങൾ ബൈജുവിന് ചാർമിള കാണിച്ച് കൊടുക്കുകയും ചെയ്തു. അന്ന് വൈകീട്ട് വീണ്ടും ബൈജുവിന് ചാർമിളയുടെ കോൾ വന്നു. കാമുകൻ ചതിച്ചുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ബൈജുവിനോട് ചാർമിള പറഞ്ഞത്
ബൈജു റൂമിലെത്തി നോക്കിയപ്പോൾ വലിച്ചെറിഞ്ഞ സമ്മാനങ്ങൾക്കിടയിൽ ഇരുന്ന് ഭ്രാന്തിയെപ്പോലെ കരയുന്ന ചാർമിളയെയാണ് ബൈജു കണ്ടത്. അന്ന് ജീവിതം അവസാനിപ്പിക്കാനും നടി ശ്രമിച്ചു. പിന്നീട് എവിടെയും ആ കാമുകനെ കുറിച്ച് ചാർമിള മോശമായി പറഞ്ഞിട്ടില്ല. ഇരുവരും ഏറെക്കാലം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. പിന്നീടാണ് അയാൾ ചാർമിളയെ നിഷ്കരുണം തള്ളി പറഞ്ഞത്.
പിന്നിട് അടിവാരം സിനിമയുടെ സെറ്റിൽ വെച്ച് അസോസിയേറ്റ് ഡയറക്ടറായ കിഷോർ സത്യയെ നടി പരിചയപ്പെട്ടു. ഇരുവരുടേയും പരിചയം പ്രണയമായതോടെ വിവാഹം എന്ന ആവശ്യം കിഷോർ സത്യ മുന്നോട്ട് വെച്ചു. ഇരുവരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരുമായി. ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല ഇരുവരും പിന്നീട് വേർപിരിഞ്ഞു. തളർന്ന് പോയ ചാർമിള ആ ഇടയ്ക്കാണ് സഹോദരിയുടെ കൂട്ടുകാരനായ രാജേഷിനെ പരിചയപ്പെടുന്നത്.
പക്ഷെ രാജേഷിന് തന്നെക്കാൾ പ്രായം കുറവായതിനാൽ ആ പ്രണയത്തിൽ നിന്നും പിന്മാറാൻ രാജേഷിനോട് ചാർമിള ആവശ്യപ്പെട്ടു. പക്ഷെ രാജേഷ് തയ്യാറായില്ല. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ചാർമിള വിവാഹത്തിന് സമ്മതം പറഞ്ഞു. അവർ ആ ദാമ്പത്യം ആർഭാടത്തോടെ ആഘോഷിച്ചു. പണം തീർന്നപ്പോൾ ഇരുവരുടേയും ബന്ധത്തിൽ ഉലച്ചിലുണ്ടായി തുടങ്ങി. ഇതിനിടയിൽ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും ഒരു മകനും പിറന്നു. കഷ്ടിച്ച് രണ്ട്, മൂന്ന് മുറികളുള്ള ഒരു വീട്. കുറച്ച് പ്ലാസ്റ്റിക്ക് കസേരകളും പ്രവർത്തിക്കാത്ത ടിവിയും മാത്രമാണ് ആ വീട്ടിലെ ആഢംബരം.
നടനും വിശാലും സിനിമാ സംഘടനയുമാണ് മകന്റെ പഠനം ഏറ്റെടുത്തത്. കൂടാതെ വിഷാദരോഗവും ചാർമിളയ്ക്ക് പിടിപ്പെട്ടു. വൈകാരിക ചാപല്യങ്ങൾ കാരണവും സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണവും ബുദ്ധിമുട്ടി ഒറ്റപ്പെട്ട് പോയ ഒരു സുന്ദരിയാണ് നടിയെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിന് വേണ്ടത് ചെയ്ത് കൊടുക്കേണ്ട കടമ മലയാള സിനിമയ്ക്കുണ്ടെന്നും പറഞ്ഞാണ് ആലപ്പി അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്