ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്സാപ്പ് കുടുംബ ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ (57) ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്. മാസങ്ങളോളമായി ഉഷ കിടപ്പിലായിരുന്നു. പൊലീസ് മുരളീധരനെ കസ്റ്റഡിയിൽ എടുത്തു. ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ് എന്നാണ് മുരളീധരൻ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.
പാട്ടുകളെല്ലാം ഹിറ്റ്; വമ്പൻ റിലീസിനൊരുങ്ങി നരിവേട്ട, അഡ്വാൻസ് ബുക്കിംങ് ആരംഭിച്ചു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സൈറ്റുകളിലിപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യമായി പുറത്തിറങ്ങിയ പാട്ട്. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ആ ഗാനത്തിന് തൊട്ട് പിന്നാലെയാണ് ‘ആട് പൊൻ മയിലേ..’ എന്ന ട്രൈബൽ ഗാനം പുറത്തിറങ്ങുകയും റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെയത് ട്രെൻഡിങ്ങിലേക്ക് എത്തുകയുമുണ്ടായത്.
ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്ന വിധത്തിലാണ് റാപ്പർ വേടൻ പാടിയ ‘വാടാ വേടാ..’ എന്ന പ്രോമോ ഗാനം കൂടി ചിത്രത്തിന്റെതായി ഇന്നലെ പുറത്തെത്തിയത്. വിവാദങ്ങൾക്ക് ശേഷം വേടൻ പാടുന്ന ഏറ്റവും പുതിയ ഈ സിനിമ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയർത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.
‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ
ഏറ്റെടുക്കാൻ അന്ന് പലരും മടിച്ചിരുന്ന ജോലി; 50 രൂപ ശമ്പളത്തിൽ തുടങ്ങിയ അമ്മയെ കുറിച്ച് നടൻ വിജിലേഷ്
നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അങ്കണവാടിയിൽ ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെക്കുറിച്ചാണ് വിജിലേഷ് കുറിപ്പ് പങ്കുവെച്ചത്. അമ്പത് രൂപ ശമ്പളത്തിലാണ് തന്റെ അമ്മ ജോലിയിൽ കയറിയത്. വിരമിക്കുമ്പോൾ 9000 രൂപയായി അത് മാറി. പണ്ട് ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു അതെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്തം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്
പുലർച്ചെ 4.30ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിൻന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്. ഡിഗ്രി പഠനത് ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു. തുടർന്ന് പിജിക്ക് തിയേറ്ററും. തിയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു
വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത്.
അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണങ്ങുന്ന നേരത്ത് ഇളം വെയിലായും, അവരെ കഥകളുടെ, പാട്ടിന്റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറയ്ക്കുന്നതും കാണാൻ എന്ത് രസമാണ്. 40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്തം അതിൽ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു.
അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്. പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻഒരു വസന്തമത്രയും അമ്മയ്ക്കൊപ്പമുണ്ട്.
ഇത്രയും കൂടി: അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരുപാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സർക്കാർ അഭിനന്ദനമർഹിക്കുന്നതുമാണ്. ഇനിയും കൂടുതൽ ശ്രദ്ധ അവർക്ക് നൽകി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട്.
ചർമം മേക്കപ്പ് ഇല്ലാതെ തന്നെ തിളങ്ങും; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ..
ചർമ്മസംരക്ഷണത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് സഹായകമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.
അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ അവോക്കാഡോ ചർമ്മത്തിന് ജലാംശം നൽകാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും.
ഫാറ്റി ഫിഷ്
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഈ മത്സ്യങ്ങൾ വീക്കം കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഡാർക്ക് ചോക്ലേറ്റ്.
തക്കാളി
ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയ തക്കാളി സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.
ബെറിപ്പഴങ്ങൾ
ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വാർദ്ധക്യത്തിന്റെ ചർമ്മ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ.
ക്യാരറ്റ്
ബീറ്റാ കരോട്ടിന്റെ അടങ്ങിയ ക്യാരറ്റ് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുക ചെയ്യും.
മധുരക്കിഴങ്ങ്
വീട റ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും.
നട്സ്
ചർമ്മത്തെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ് നട്‌സും വിത്തുകളും.
ഗ്രീൻ ടീ
ഗ്രീൻ ടീ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും.
കിവിപ്പഴം
കിവിപ്പഴത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ! ഹെയർ ട്രാൻസ്പ്ലാൻഡിങ് ചികിത്സ ചർച്ചയാകുന്നതിനിടെ തന്റെ അനുഭവം പറഞ്ഞ് വിജയ് മാധവ്
ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ ഈയടുത്ത് വളരെയധികം നടുക്കിയിരുന്നു. ചികിത്സാ പിഴവുമൂലം സനിലിന്റെ തലയിൽ മാസം ഭക്ഷിക്കുന്ന ബാക്റ്റീരിയ ഉണ്ടാവുകയായിരുന്നു. വൈകാതെ തലയോട്ടി വെളിവാകുന്ന നിലയിൽ ഈ ബാക്റ്റീരിയ തലയിൽ പ്രവർത്തിക്കുകയായിരുന്നു. വാർത്ത പ്രചരിച്ചതോടെ ഹെയർ പ്ലാന്റ് ട്രീറ്റ്മെന്റ് ചെയ്തവരും ചെയ്യാനിരിക്കുന്നവരും വലിയതോതിൽ പരിഭ്രാന്തനായിരുന്നു. ഇപ്പോഴിതാ താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ്.
സനലിന് സംഭവിച്ച ദുരവസ്ഥ പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ആർക്കും അങ്ങനെ ഒരു സ്ഥിതി വരാതിരിക്കട്ടെയെന്നും എന്നാൽ തന്റെ ഹെയർ ട്രാൻസ്പ്ലാൻഡിങ് യാത്ര വളരെ തൃപ്തികരമായിരുന്നു എന്നുമാണ് വിജയ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പഞ്ഞത്.
”പാട്ടും പാടി ചെയ്ത എന്റെ സർജറി… നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാം. ഒരുപാട് പേര് ഇന്നലെ എനിക്ക് സനിൽ എന്ന സഹോദരന്റെ വീഡിയോസ് അയച്ചു തന്നു. ഇപ്പോളും വന്നുകൊണ്ടേയിരിക്കുന്നു. ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കുക”, വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ടെലെഗ്രാമിൽ വിൽപന; അന്വേഷണം
മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ പേജിനെതിരെയാണ് അന്വേഷണം.
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന മെട്രോ ചിക്സ് എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്ബെംഗളുരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഇൻസ്റ്റ പേജിന്‍റെ പേരും അതിലെ ചിത്രങ്ങളും വീഡിയോകളും മാറ്റിയ നിലയിലാണ്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഹൃദയപൂർവ്വത്തിന് പാക്കപ്പ്; അടുത്ത ലാലേട്ടൻ ഹിറ്റിനായി പ്രതീക്ഷയോടെ ആരാധകർ
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്ധ
ധാരാളം പുതുമകളും, , കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു.
പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവികാ മോഹനനും സംഗീത യുമാണു നായികമാർ.ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപ് മ്പത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.അഖിൽ സത്യൻ്റേതാണ് കഥ.അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. തിവിൻ പോളി നായകനായ തൻ്റെ രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻതൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെ നായകനാകുന്നുണ്ട്.
ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.ഛായാഗഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് കെ. രാജഗോപാൽ.കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ ‘കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ്.സ്റ്റിൽസ്- അമൽ.സി.സ ദർ’സഹസംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യശ്രീ ഹരി.പ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്വാഴൂർ ജോസ്.
കൊച്ചുപ്രേമൻ എന്നു വിളിച്ച് കളിയാക്കുന്നവരോട്; വിമർശകർക്കുള്ള ചുട്ടമറുപടിയുമായി ജാൻ മണി ദാസ്
സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജന്മണി ദാസ്. ജന്മം കൊണ്ട് അസാമി ആണെങ്കിലും കർമം കൊണ്ട് താരത്തിന്റെ തട്ടകം കേരളമാണ്. ടോപ് സെലിബ്രിറ്റികൾക്കു മുതൽ മേക്കപ്പ് ഇട്ട ചരിത്രമാണ് ഇവിടെ ജാൻ മണിക്കുള്ളത്. മലയാളം ബിഗ് ബോസിലേക്ക് എത്തിയതോടെ താരം സാധാരണ ജനങ്ങൾക്കും പരിചിതയാവുകയായിരുന്നു. വൈകാതെ സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയകളും നിരന്തരം പിന്തുടരുന്ന സെലിബ്രിറ്റിയായി ജാൻമണി മാറുകയും ചെയ്തു.
ജാൻമണിക്ക് വളരെയധികം ആരാധകർ ബിഗ് ബോസിന് ശേഷം കൂടിയെങ്കിലും അത്രതന്നെ വിമർശകരും സോഷ്യൽ മീഡിയ വഴി വർദ്ധിച്ചു. താരത്തിന്റെ പല വീഡിയോയ്ക്കും ഫോട്ടോയ്ക്ക് താഴെ നടൻ കൊച്ചു പ്രേമനുമായി ഉപമിച്ച് പലപ്പോഴും ഇത്തരക്കാർ മോശം കമന്റുകൾ ഇടാറുണ്ട്. ഇപ്പോഴിതാ തന്നെ മനപ്പൂർവ്വം വേദനിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജാൻ മണിയിപ്പോൾ.
തന്നെ കൊച്ചപ്രേമൻ എന്നു വിളിക്കുന്നവർ തന്നെയല്ല, അദ്ദേഹത്തെയാണ് അപമാനിക്കുന്നതെന്ന് ജാൻമണിദാസ് പറയുന്നു. ”പൂതന എന്നൊക്കെ എന്നെ വിളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കണ്ടിട്ട് വിഷമം തോന്നാറില്ല. മൈൻഡ് ചെയ്യാറുമില്ല. ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരാറ്. അവരുടെയൊക്കെ നിലവാരം അത്രയേ ഉള്ളൂ. കൊച്ചുപ്രേമൻ എന്നു വിളിച്ച് എന്നെ പരിഹസിക്കാം എന്നാണ് ചിലർ കരുതുന്നത്.പക്ഷേ, അവർ എന്നെയല്ല, അദ്ദേഹത്തെയാണ് കളിയാക്കുന്നത്. അദ്ദേഹം ഒരു നല്ല കലാകാരനാണ്. ഒരു പണിയുമില്ലാതെ 24 മണിക്കൂറും ഫോണും കയ്യിൽ പിടിച്ചിരിക്കുന്നവരാണ് ഇത്തരത്തിലുള്ള കമന്റുകളിടുന്നത്. ഈ പറയുന്നവരാരും എനിക്ക് ചെലവിനുള്ള പണം നൽകുന്നില്ല”, ജാൻമണി ദാസ് പറഞ്ഞു.
പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂക്ക; മോഹൻലാൽ 65ൽ
മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുന്ന ഈ വേളയിൽ ഏവരും കാത്തിരിക്കുന്ന ആശംസ ഏതുയിരിക്കുകയാണ്. തന്റെ പ്രിയ സുഹൃത്തിന്, സഹപ്രവർത്തകന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.
മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’, ‘ഏറ്റവും വില കൂടിയ ആശംസ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ ശ്രദ്ധ നേടാറുണ്ട്.
മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് നിരവധിപ്പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു
പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു.
കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.
പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു