Spread the love

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2023ലായിരുന്നു ഗുജറാത്തി വ്യവസായിയായ ജഗത് ദേശായിയുമായുള്ള അമലയുടെ വിവാഹം. 2024 ജൂൺ 11ന് ദമ്പതികൾക്ക് ഒരു മകൻ പിറന്നു.

ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെ കടന്നു പോയപ്പോഴാണ് ഗർഭിണിയാകുന്നതെന്നും അത് സ്വയം കണ്ടെത്താനും ദിശാബോധം നേടാനും സഹായിച്ചെന്ന് തുറന്നു പറയുകയാണ് അമല. “ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാത്ത സമയത്താണ് ഞാൻ ഗർഭിണിയായത്. പക്ഷേ ആ അനുഭവം എനിക്ക് ഒരു ദിശാബോധം നൽകുകയും എന്നെ ഒരു നല്ല വ്യക്തിയാക്കുകയും ചെയ്തു. ആ പഴയ ‘ഞാൻ’ എവിടേക്കാണ് പോയതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് അത് ഏറെ ഇഷ്ടപ്പെട്ടു,” അമല പോൾ ജെഡബ്ല്യുഎഫിൽ പറഞ്ഞു

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് ഭർത്താവ് ജഗത് എത്തിയെന്നും അമല പറഞ്ഞു. ജഗത്തിനെ ഡേറ്റ് ചെയ്യുന്ന സമയത്ത് താൻ നടിയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് അടുത്തിടെ അമല പറഞ്ഞിരുന്നു. “ഗോവയിൽ വച്ചാണ് ഞാനും ജഗത്തും കണ്ടുമുട്ടുന്നത്. ഗുജറാത്തിയാണെങ്കിലും ഗോവയിലായിരുന്നു ജഗത് താമസം. തെന്നിന്ത്യൻ സിനിമകളൊന്നും അധികം കാണുന്ന ആളായിരുന്നില്ല. ഞങ്ങൾ ഡേറ്റ് ചെയ്യുമ്പോൾ നടിയാണെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെവെറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെകാതെ വിവാഹം ചെയ്തു. ഞാൻ ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജഗത് എന്റെ സിനിമകളൊക്കെ കാണാൻ തുടങ്ങിയത്,” അമല പറഞ്ഞു.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Leave a Reply