വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങൾ ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആകെ വിസ്തൃതിയിൽ 29 ശതമാനത്തിലധികം വനമാണ്. നിരവധി നദികൾ, തടാകങ്ങൾ, കായലുകൾ, നെൽവയലുകൾ, തണ്ണീർതടങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാൽ കേരളത്തിൽ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി കുറവാണ്. കേരളത്തിന്റെ ജനസംഖ്യയും വർദ്ധിച്ച ജനസാന്ദ്രതയും സംബന്ധിച്ചും കത്തിൽ പറയുന്നു. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.