മന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വെച്ച് നടന്നു. ചടങ്ങിൽ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖിൽ എസ് പ്രവീൺ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവ്വഹിച്ചു. ധർമ്മജൻ ബോൾഗാട്ടി, വിനയ് ഫോർട്ട്, ഹരി പത്തനാപുരം, സീ കേരളം ചീഫ് ചാനൽ ഓഫീസർ അനിൽ അയിരൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.











