കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിക്ക് ആരോഗ്യ വകുപ്പ് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്ന് നൽകിയതായി അധികൃതർ അറിയിച്ചു. രോഗി നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മരുന്നിന്റെ രണ്ടാം ഡോസ് നൽകിയത്. രോഗിയുടെ ആരോഗ്യ നില നിരീക്ഷണത്തിലാണ്.അതേസമയം, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരു ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആശങ്കകൾക്ക് ചില ആശ്വാസ സൂചനകൾ ലഭിച്ചിട്ടുണ്ട്.നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരിൽ, രോഗിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആദ്യ പരിശോധനാ ഫലങ്ങളും നേരത്തെ നെഗറ്റീവ് ആയിരുന്നു.
കൂടാതെ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി മെഡിക്കൽ കോളജിൽ വീണ്ടും പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആകെ ആറുപേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ 103 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 18 പേരും ആരോഗ്യപ്രവർത്തകരായി 45 പേരും ഉൾപ്പെടുന്നു.നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസംഘം ഫറോക്കിലെ സ്വകാര്യ ആശുപത്രി സന്ദർശിച്ചു. രോഗി ആദ്യം ചികിത്സ തേടിയ സാഹചര്യങ്ങളും സംഘം വിലയിരുത്തി.അതേസമയം, രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 പ്രദേശത്ത് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനയും ബോധവൽക്കരണവും തുടരുകയാണ്.







