Spread the love

ലക്ഷ്യങ്ങൾ നിർണയിക്കുന്നതിലും സംയമനം പാലിച്ച് തിരിച്ചടി നടപ്പാക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോളം കഴിവുള്ള മറ്റൊരു ഭരണാധികാരിയെ ഇന്ത്യ ഇന്നോളം കണ്ടിട്ടില്ല. അത് അടിവരയിടുന്ന സംഭവങ്ങൾക്കായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ലോകവും ഇന്ന് പുലർച്ചെ സാക്ഷ്യം വഹിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പന്ത്രണ്ടാം നാൾ കനത്ത തിരിച്ചടി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ നൽകിയപ്പോൾ ശ്രദ്ധേയമാകുന്നത് ശത്രുവിനെ പോലും തഞ്ചത്തിൽ തെറ്റിദ്ധരിപ്പിച്ചുള്ള സൈന്യത്തിന്റെ യുദ്ധ തന്ത്രവുമാണ്. അങ്ങേയറ്റം ആസൂത്രിതമായുള്ള സൈന്യ മുന്നേറ്റത്തിൽ പാകിസ്താന്‍ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ശ്രദ്ധേയം. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതിലും തിരിച്ചടി നടപ്പാക്കുന്ന രീതിയിലും സംയമനം പാലിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ ആക്രമണമായിരുന്നു രാജ്യത്തിന്റെത്.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഭരണത്തലവൻ നരേന്ദ്രമോദിയുടെ പങ്ക് വളരെ വലുതായിരുന്നു. സർക്കാരിന്റെ ശ്രദ്ധയാകെ പൗരസംരക്ഷണത്തിൽ ആണെന്നും മോക് ഡ്രില്ലും സുരക്ഷ കൂട്ടലുകളുമായി രാജ്യവും സൈന്യവും മറ്റെന്തൊക്കെയോ ചെയ്യുകയാണെന്ന പ്രതീതി നിലനിർത്തി വളരെ അപ്രതീക്ഷിതമായി പാക്കിസ്ഥാൻ ഭീകരരുടെ നെഞ്ചിൽ ആഞ്ഞു കുത്തുകയായിരുന്നു മോദിയുടെ പൂർണ്ണ നിരീക്ഷണത്തിൽ ഇന്ത്യൻ സൈന്യം. ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയ്ബയുടെയും നേതാക്കള്‍ അധിവസിക്കുന്ന ഇടം തിരിച്ചടിക്കായി തിരഞ്ഞെടുത്ത സൈന്യം ലക്ഷ്യമിട്ട ഒന്‍പത് കേന്ദ്രങ്ങളിലും ഉദ്ദേശിച്ച രീതിയില്‍ ആക്രമണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലിരുന്ന് രാത്രി മുഴുവന്‍ സമയവും ഉറക്കമൊഴിച്ച്‌ ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ തത്സമയം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. അതേസമയം സൈനിക ആക്രമണത്തിന് ‘ ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേര് വെച്ചതും മോദി തന്നെയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി പാകിസ്താനില്‍ നടത്തിയ ഓപ്പറേഷൻ കൂടിയാണ് ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പുലർച്ചെ അരങ്ങേറിയത്. പാകിസ്താനിലെ നാല് ഭീകരകേന്ദ്രങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് കേന്ദ്രങ്ങളിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ബുധനാഴ്ച യുദ്ധാഭ്യാസം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസം വ്യോമസേന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു പരിശീലനത്തിനൊരുങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, ആ പരിശീലനം നടക്കുന്നതിനുമുന്നെത്തന്നെ ഇന്ത്യ പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു.

പഹൽഗാമിന് പന്ത്രണ്ടാം തിരിച്ചടിക്കുമ്പോൾ ഒരു സാധാരണ പൗരനെ പോലും ഉപദ്രവിക്കാതെ സൈന്യം ലക്ഷ്യത്തിലെത്തിയെന്നതിന് ഇന്ത്യൻ സൈന്യം വലിയ കയ്യടി അർഹിക്കുന്നുണ്ട്. പാകിസ്ഥാൻ ഭീകരരുടെ ആക്രമണം സാധാരണ പൗരരുടെ പോലും ജീവൻ എടുത്തപ്പോൾ പെട്ടെന്നൊരു തിരിച്ചടിയായിരുന്നില്ല രാജ്യം ആസൂത്രണം ചെയ്തത്. മറിച്ച് രാജ്യത്തെ ജാഗ്രതപ്പെടുത്തി പൗരരുടെ സംരക്ഷണം ഊട്ടിയുറപ്പിച്ച് ലോകത്തെ ഒന്നാകെ തിരിച്ചടിയുടെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചത്. അതിന് രാജ്യവും ഭരണാധികാരികളും സർവ്വോപരി ഇന്ത്യൻ സൈന്യവും വലിയ കയ്യടി അർഹിക്കുന്നുണ്ട്.

Leave a Reply