Home Blog Page 1483

ഇന്ത്യൻ തൊഴിലാളികൾക്ക് ഐസിബിഎഫിന്റെ കരുതൽ സ്പർശം;ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം.

0
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-09-07 17:09:16Z | | ÿÿÿÿÿ°ÞÂ5ÿ
Spread the love

ഇന്ത്യൻ തൊഴിലാളികൾക്ക് ഐസിബിഎഫിന്റെ കരുതൽ സ്പർശം;ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം.


ദോഹ: ദോഹയിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും തൊഴിലാളികൾക്കിടയിൽ സമഗ്ര ബോധവൽക്കരണം നടക്കുന്നത്.
ഇതിന് പുറമെ നിയമസഹായങ്ങൾ നൽകുന്ന ലീഗൽ ക്ലിനിക്ക്, തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം, മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള കൗൺസിലിങ് സഹായങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്.
എംബസിയുടെ കോൺസുലർ ക്യാംപുകളിലും ഐസിബിഎഫിന്റെ പങ്കാളിത്തവും സഹകരണവും സമഗ്രമാണ്.ഒറ്റത്തവണ 125 റിയാൽ അടച്ചാൽ രണ്ടു വർഷത്തേക്കുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് നൽകുന്നതാണ് ലൈഫ് ഇൻഷുറൻസ് പദ്ധതി. ഒരു ലക്ഷം റിയാൽ ആണ് ഇൻഷുറൻസ് തുക. 2020 ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതിക്ക് ഇതിനകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികൾക്കായി ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കൗൻ ഗ്രൂപ്പ് ക്യാംപിൽ നടത്തിയ പ്രത്യേക കമ്യൂണിറ്റി ബോധവൽക്കരണ ക്യാംപിൽ ഒട്ടേറെ തൊഴിലാളികൾ പങ്കെടുത്തു. ഐസിബിഎഫിന്റെ പ്രവർത്തനങ്ങൾ, സംരംഭങ്ങൾ, ലൈഫ് ഇൻഷുറൻസ് പദ്ധതി, യോഗ എന്നിവ സംബന്ധിച്ചാണ് ബോധവൽക്കരണം നൽകിയത്. എല്ലാ വാരാന്ത്യങ്ങളിലും ബോധവൽക്കരണ ക്യാംപുകൾ നടക്കുന്നുണ്ട്.
നിശ്ചിത ഇടവേളകളിൽ നടത്തുന്ന ലീഗൽ ക്ലിനിക്ക് കോവിഡ് സാഹചര്യങ്ങളെ തുടർന്ന് സൂം വേദിയിലാണ് ഇപ്പോൾ നടക്കുന്നത്. ഈ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ലീഗൽ ക്ലിനിക്കിൽ പങ്കെടുക്കാൻ 7000 8243 എന്ന നമ്പറിലോ icbfqatar@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് സേവനം ലഭിക്കുക.തൊഴിലാളികൾക്ക് നിയമപരമായ സംശയങ്ങൾക്കും സഹായങ്ങൾക്കും ഐസിബിഎഫിന്റെ ലീഗൽ ക്ലിനിക്കിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളില്‍ യെല്ലോ അലേർട്ട്.

0
Spread the love

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളില്‍ യെല്ലോ അലേർട്ട്


തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  
ദില്ലിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. നരേളയിൽ പഴയ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്കേറ്റു. 77 വർഷത്തിന് ശേഷമാണ് ദില്ലിയിൽ സെപ്റ്റംബറിൽ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ ലഭിച്ചത് 383.4 മിമി മഴയാണ്. ഈ മാസം 17 ,18 തിയ്യതികളിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല; വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷൻ

0
Spread the love

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല; വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷൻ

അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പ് സി.ഇ.ഒ. വില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്‌സാപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും സ്‌റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നത് അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയാവും.

ഒരു പാസ്‌വേര്‍ഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവില്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്‌റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷന്‍ ലഭ്യമാണ്.

പുതിയ സര്‍വീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്‌സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാര്‍ട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങള്‍ ഇത്രയും സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവ്‌സ ഐ ക്ലൗഡ് എന്നിവിടങ്ങളില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല. ഒരു എന്‍ക്രിപ്ഷന്‍ കീയുടേയോ പാസ് വേര്‍ഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയ സര്‍വീസ് നടപ്പിലാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ 53 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഐ.ടി നയത്തില്‍ പറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്‌സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോളിസിക്ക് വിരുദ്ധമാണെന്നാണ് വാട്‌സാപ്പ് പ്രതികരിച്ചത്.

ഓൺലൈൻ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി; രാജ്യത്ത് ആദ്യം.

0
Spread the love

ഓൺലൈൻ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി; രാജ്യത്ത് ആദ്യം.

കൊച്ചി: ഓൺലൈൻവഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാരുടെ വിവാഹം ഓൺലൈൻവഴി നടത്തുന്നതിനാണ് അനുമതി നൽകിയത്. വെർച്വൽ റിയാലിറ്റിയുടെ യുഗത്തിൽ ഓൺലൈൻവഴി വിവാഹം നടത്താൻ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാൻ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓൺലൈൻവഴി വധൂവരന്മാർ ഹാജരാകുന്ന വിവാഹത്തിന് അനുമതി നൽകുന്നത്. ഹർജിക്കാരുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതിനാലാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഇതോടെ ഹർജിക്കാരിയായ ധന്യ, തിരുവനന്തപുരത്തെ സബ് രജിസ്‌ട്രാർ ഓഫീസിലെത്തുമ്പോൾ വരൻ ജീവൻകുമാർ യുക്രൈനിൽ ഓൺലൈനിൽ വിവാഹത്തിനായി എത്തും.

ഇതിനായുള്ള പ്രത്യേക നിബന്ധനകൾ:

⭕സാക്ഷികളാകുന്നവർ മാര്യേജ് ഓഫീസറായ സബ് രജിസ്‌ട്രാറിനുമുന്നിൽ ഹാജരാകണം

⭕ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികളാണ് തിരിച്ചറിയേണ്ടത്.

⭕വിവാഹിതരാകുന്നവരുടെ പാസ്പോർട്ടോ മറ്റ് തിരിച്ചറിയൽരേഖയുടെ പകർപ്പോ മാര്യേജ് ഓഫീസർക്ക് നൽകണം.

⭕വിവാഹിതരാകുന്നവർ ചുമതലപ്പെടുത്തുന്നവരാണ് രേഖകളിൽ ഒപ്പിടേണ്ടത്.

⭕വിവാഹത്തിനുമുന്നോടിയായുള്ള മറ്റ് നിയമപരമായനടപടികൾ പൂർത്തിയാക്കണം

⭕തീയതിയും സമയവും ഓൺലൈൻ പ്ലാറ്റ് ഫോമും മാര്യേജ് ഓഫീസർക്ക് നിശ്ചയിക്കാം

⭕ഓൺലൈനിൽ വിവാഹം നടത്തി നിയമപ്രകാരം സർട്ടിഫിക്കറ്റും നൽകണം.

ഹർജിക്കാരിക്കായി അഡ്വ. എ. അഹ്‌സർ ഹാജരായി.

അന്തിമതീരുമാനം പിന്നീട്:

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കേട്ടുമാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഓൺലൈൻ വഴിയുള്ള വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അംഗീകരിക്കുന്നുണ്ടോ, ഇക്കാര്യത്തിൽ ഡിജിറ്റൽ സേവനം ആവശ്യപ്പെടാൻ പൗരൻമാർക്ക് അവകാശമുണ്ടോ, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണോ വിവാഹം എന്നീ ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. അതിനാലാണ് ഹർജികൾ വിശദമായി പരിഗണിക്കാനായി മാറ്റിയത്.

ഒടുവിൽ അജിതയെ തേടിയെത്തി, മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം

0
Spread the love

ഒടുവിൽ അജിതയെ തേടിയെത്തി, മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം

എറിയാട് പഞ്ചായത്തിലെ അമ്പത്തിയൊന്നാം നമ്പർ സെന്റർ അങ്കണവാടിയിലെ കുട്ടികൾക്ക് അജിത എന്ന പേര് വെറും ഹെൽപ്പറുടേതല്ല. അവർക്ക് അജിത ഒരമ്മ കൂടിയാണ്. വീട് വിട്ടാൽ ചെന്നെത്തുന്ന മറ്റൊരു വീട്ടിലെ അമ്മ. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്‌കാരം അജിതയെ തേടിയെത്തിയതിൽ അത്ഭുതമില്ല.

20 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അങ്കണവാടിയിലെ ഏക ഹെൽപ്പറാണ്
കെ വി അജിത. കുരുന്നുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, മരുന്നുകൾ അർഹരായവർക്ക് എത്തിച്ച് നൽകൽ തുടങ്ങി അങ്കണവാടി പ്രസ്ഥാനം ലക്ഷ്യം വെക്കുന്ന മേഖലകളിലെല്ലാം അജിത കൂടെയുണ്ട്. പച്ചക്കറിതോട്ടവും പൂന്തോട്ടവും ക്രാഫ്റ്റിങ്ങും പാചകത്തിലുമെല്ലാം അജിതയുടെ കരവിരുതാണ് അമ്പത്തിയൊന്നാം നമ്പർ അങ്കണവാടിയിൽ കാണാൻ കഴിയുക.

മൂന്നും നാലും വയസ്സിൽ വീട് വിട്ടെത്തുന്ന കുരുന്നുകൾക്ക് അങ്കണവാടി ടീച്ചർക്കൊപ്പം അജിത കൂടി അമ്മയാകുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പുരസ്‌കാരത്തിന് അജിതയെ പരിഗണിച്ചിരുന്നു. ഒടുവിൽ ഈ വർഷമാണ് പുരസ്‌ക്കാരം അജിതയെ തേടിയെത്തിയത്. ഏറെ ആദരവോടെയാണ് ബഹുമതിയെ കാണുന്നതെന്ന് അജിത പറഞ്ഞു. കൊടുങ്ങല്ലൂർ ഐ സി ഡി എസ് രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പുരസ്ക്കാരം എറിയാട് ഗ്രാമപഞ്ചായത്തിലേയ്ക്ക് എത്തിചേരുന്നത്. എറിയാട് തയ്യിൽ വീട്ടിൽ സനലാണ് അജിതയുടെ ഭർത്താവ്.

അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം നേടിയ അജിതയെ എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് പ്രസീന റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. അസീം, നജ്മൽ ഷക്കീർ, പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ഷാജഹാൻ, തമ്പി ഇ കണ്ണൻ, സുമിത ഷാജി, വി ബി പ്രവീൺ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വരുന്നൂ ഡ്രൈവറില്ലാ വാഹനങ്ങൾ; യുഎഇ നിരത്തുകൾ ഇനി സ്മാർട്ടാകും.

0
Spread the love

വരുന്നൂ ഡ്രൈവറില്ലാ വാഹനങ്ങൾ; യുഎഇ നിരത്തുകൾ ഇനി സ്മാർട്ടാകും.


ദുബായ് : പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കി സ്മാർട് ട്രാക്കുകളിലെത്താൻ സ്വയംനിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെ  ഹൈടെക് വാഹനങ്ങളും സമീപഭാവിയിൽ പാതകൾ കീഴടക്കും. അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർലൂപ്പും പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി.എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ മേഖലകളിൽ സർവീസ് ആരംഭിക്കും. ഇ-സ്കൂട്ടറിൽ മാറ്റം വരുത്തിയ ഇ-വാൻ ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ എക്സ്പോയിൽ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിക്കുന്നതും സജീവ പരിഗണനയിലാണ്.
ഇലക്ട്രിക് വാഹനങ്ങളുമായി വരുന്ന സന്ദർശകരുടെ സൗകര്യാർഥം എക്സ്പോ വേദിയോടനുബന്ധിച്ച് 17 ചാർജിങ് സ്റ്റേഷനുകളുണ്ട്.ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്.
ഓട്ടോണമസ് വാഹനങ്ങൾ കൂടിവരുന്നതോടെ ഗതാഗതമേഖല പൂർണമായും സ്മാർട് ആകും. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും ക്യാമറകളും ഈ വാഹനങ്ങളിലുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ചാണു പ്രവർത്തനം. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാക്കുകൾ എന്നിവയെയും  വഴിയാത്രക്കാരെയും  നിരീക്ഷിക്കാൻ സംവിധാനമുണ്ട്. എത്ര തിരക്കുള്ള റോഡിലും അനായാസം സഞ്ചരിക്കാൻ കഴിയും.തുടർച്ചയായി 16 മണിക്കൂർ വരെ വൈദ്യുതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വാഹനങ്ങളാണിവ. ഊബർ എയർ ടാക്സി, പറക്കുംതളികയുടെ അപരനായ ‘സ്കൈഡൈവർ’,  3.6 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുന്ന സൂപ്പർകാർ, എയർടാക്സി, പോഡുകൾ, ഹോവർ ബൈക്കുകൾ എന്നിവയെല്ലാം എത്തുന്ന കാലം അതിവിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം;സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍.

0
Spread the love

പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം;സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍.


ന്യൂഡൽഹി: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ്, എന്നിവ ഇല്ലാത്ത വിദ്യാർത്ഥികൾ ഓൺലൈനായി നടത്തുന്ന പരീക്ഷ എഴുതിയേക്കില്ല. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാൻ കഴിയില്ല. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടും കമ്പ്യൂട്ടർ ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഫ്ലൈനായി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് തടയാൻ കഴിയും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ ഇരുന്നാണ് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ മോഡൽ പരീക്ഷ എഴുതിയത്. എന്നാൽ ഓഫ്ലൈൻ ആയി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണ്ണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശന യോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും കേരളം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വൺ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകൾ ഒരുമിച്ച് നടത്താൻ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ സത്യവാങ് മൂലം ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 13ന് പരിഗണിക്കും.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്ലൈൻ ആയി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർത്ഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.ജൂലൈയിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവുമായി ഓഫ്ലൈനായി നടത്തിയ JEE മെയിൻ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതേ രീതിയിൽ പ്ലസ് വൺ പരീക്ഷയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓഫ്ലൈനായി നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

കോവിഡ് ടെസ്റ്റ്‌ ;ആർടിപിസിആർ മാത്രമാക്കുന്നു,ആന്റിജൻ പരിശോധന അടിയന്തര ഘട്ടങ്ങളിൽ മാത്രം.

0
Spread the love

കോവിഡ് ടെസ്റ്റ്‌ ;ആർടിപിസിആർ മാത്രമാക്കുന്നു,ആന്റിജൻ പരിശോധന അടിയന്തര ഘട്ടങ്ങളിൽ മാത്രം.


തിരുവനന്തപുരം ∙ 18 വയസ്സിനു മുകളിലുള്ളവരിൽ 80% പേരും കോവിഡ് ഒന്നാം ഡോസ് എടുക്കുന്നതോടെ സംസ്ഥാന വ്യാപകമായി കോവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ പരിശോധന മാത്രമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആന്റിജൻ പരിശോധന ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കു മാത്രമാക്കും. 
നിലവിൽ 78% പേർക്ക് ആദ്യ ഡോസും 30% പേർക്ക് 2 ഡോസും നൽകിക്കഴിഞ്ഞു. 45 വയസ്സിനു മുകളിലുള്ളവരിൽ 93% പേർക്ക് ഒരു ഡോസും 50% പേർക്ക് 2 ഡോസും നൽകി. നിലവിൽ 7 ലക്ഷം ഡോസ് വാക്സീൻ ശേഖരമുണ്ട്. അതിഥി തൊഴിലാളികൾക്ക് വാക്സീൻ നൽകാനുള്ള നടപടികൾ കലക്ടർമാർ സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കു പ്രവേശിക്കാൻ 2 ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നു നിർബന്ധമാക്കിയ സാഹചര്യത്തിൽ അവരുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കോവിഡ് ബാധിതരിൽ 12.85% പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ കൂടുതലും പ്രമേഹത്തിനൊപ്പം രക്തസമ്മർദവും ഉള്ളവരാണ്. രോഗങ്ങൾ ഉള്ളവർ കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ ചികിത്സ തേടണം. വാക്സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വീട്ടുനിരീക്ഷണത്തിൽ തുടരുന്ന പോസിറ്റീവ് യുവാക്കൾ പ്രമേഹ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നടൻ രമേശ് വലിയശാല അന്തരിച്ചു

0
Spread the love

നടൻ രമേശ് വലിയശാല അന്തരിച്ചു

പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലർച്ചയോടെയായിരുന്നു മരണം. മരണകാരണം വ്യക്തമല്ല. നാടകത്തിലൂടെയാണ് രമേശ് സീരിയലിന്റെ ലോകത്തേക്ക് എത്തുന്നത്. 22 വർഷത്തോളമായി സീരിയൽ ശ്രദ്ധേയനാണ്. നിരവധി ഹിറ്റ് പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.രമേശിന് സിനിമാ-സീരീയൽ-നാടക രംഗത്തെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts