വിവാഹ സ്വപ്നങ്ങളുമായി ദുബായിൽ നിന്ന് വിമാനം കയറിയ ഇരുപത്തിനാലുകാരനായ റിയാസിനെയും വിമാന അപകടം തട്ടിയെടുത്തു. നാടിനും വീടിനും പ്രീയപ്പെട്ടവനായിരുന്നു റിയാസ്. ഇന്നേക്ക് 17-ാം ദിവസം റിയാസിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇന്നലെ ഉച്ചയോടെ മുണ്ടക്കുറുശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിലേക്ക് എത്തിയത് ആ യുവാവിന്റെ ചേതനയറ്റ ശരീരമായിരുന്നു. മക്കൾ രണ്ടും എത്തിയ ശേഷം മുണ്ടക്കോട്ടുകുർശ്ശി മോളൂരിലെ വട്ടപ്പറമ്പിൽ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങനിരിക്കുകയായിരുന്നു മാതാവും പിതാവും
സഹോദരൻ നിസാമുദ്ദീനും സുഹൃത്ത് മുഹമ്മദ് മുസ്തഫയ്ക്കും ഒപ്പമാണ് റിയാസ് ദുബായിൽ നിന്ന് തിരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും റിയാസ് അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞമാസം നടത്താനിരുന്ന വിവാഹ നിശ്ചയം കൊവിഡ് യാത്രാപ്രശ്നം കാരണം മാറ്റുകയായിരുന്നു. ഒരു വർഷം മുമ്പാണ് മുഹമ്മദ് റിയാസ് ദുബായിലേക്ക് പോയത്. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായിരുന്നു.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെത്തിച്ച് മോളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി
പൂനെ : ഇന്ത്യയിൽ നിർമിയ്ക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങൾ പുറത്തുവിട്ട് മരുന്ന് കമ്ബനി. കോവിഡ് വാക്സിൻ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ പൂണെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ടും Bill & Melinda Gates Foundation ഉം തമ്മിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനായി 150 മില്യൺ ഡോളറി ന്റെ സഹായം Bill & Melinda Gates Foundation സിറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകുന്നതാണ്.അതിന്റെ അടിസ്ഥാ നത്തിൽ ഒരു ഡോസ് വാക്സിന് 3 ഡോളർ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളിൽ ചാർജ് ചെയ്യാൻ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയിൽ കൂടാൻ പാടില്ലെന്നും നിബന്ധന യുണ്ട്.
ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്സിൻ നിർമ്മാതാക്കളുടെ സംഘടനയായ GAVI വഴിയാകും വിതരണം ചെയ്യുക. വാക്സിൻ നിർമ്മാണവും വിതരണവുമുൾപ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുൾപ്പെടെ ലോകത്തെ 92 രാജ്യങ്ങളിൽ 3 ഡോളറിനു തുല്യമായ തുകയ്ക്കാ കും വാക്സിൻ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാർത്ഥ മാർക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ 50 % ഇന്ത്യയ്ക്കുള്ളതാണ്.
Oxford COVID-19 vaccine ന്റെ ഇന്ത്യയിലെ പേര് ‘Covishield (AZD1222)’ എന്നാണ്.ഈ മാസം വളരെ ബൃഹത്തായ ഫൈനൽ ഹ്യുമൻ ട്രയൽ ഇന്ത്യയിൽ ആരംഭിക്കുകയാണെന്ന് സിറം ഇൻസ്റ്റിട്യൂട്ട് CEO Adar Poornawalla അറിയിച്ചു. മരുന്ന് പരീക്ഷണങ്ങളിലും ,നിരീക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഓക്സ്ഫോർഡ് ടീമിന് വാക്സിന്റെ സുരക്ഷിതത്വത്തിൽ ഇതുവരെ പൂർണ്ണ സംതൃപ്തിയാണുള്ളത്.
ഫൈനൽ ട്രയൽ ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഈ മാസം മുംബൈ ,പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ട്രയൽ നടക്കുക. ഒപ്പം മറ്റു 12 ആശുപത്രികളെയും ട്രയലിനായി തെരഞ്ഞെടുത്തിട്ടുണ്ട്
കൂനിന്മേൽ കുരുവെന്നപോലെയാണ് കോവിഡിന്റെ സമൂഹവ്യാപനം രൂക്ഷമായ ഈ കാലയളവിൽ കേരളത്തിൽ കാലവർഷത്തിന്റെ വരവ് .ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദംആഗസ്ത് ആദ്യവാരത്തോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് .പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .മഴയോടൊപ്പം തന്നെ മഴക്കാലരോഗങ്ങളും ഒഴുകിയെത്തും .മുൻവർഷങ്ങളിലുള്ളതിനേക്കാൾ ജാഗ്രതയും കരുതലും എടുത്തില്ലെങ്കിൽ കോവിഡിന്റെ വ്യാപനവും രൂക്ഷമാകാനുള്ള സാധ്യതയുണ്ട് .പനിയും ജലദോഷവുമെല്ലാമാണ് മഴക്കാലരോഗങ്ങളിൽ പ്രധാനം.ഇവയുടെ ലക്ഷണങ്ങളിൽ പലതും കോവിഡിന്റെ ലക്ഷണങ്ങൾക്കു സമാനമാണ് .അതുകൊണ്ടാണ് കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.കൂടാതെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരും ആരോഗ്യവിദഗ്ദ്ധരും നിഷ്കർഷിക്കുന്നു . .
മാസ്ക്കുകൾ ധരിക്കുമ്പോൾ ..
മഴക്കാലത്ത് മാസ്കുകൾ ധരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .നനഞ്ഞ മാസ്ക്കുകൾ ഒരു കാരണവശാലും ധരിക്കരുത് .ഉണങ്ങിയ ശേഷം ധരിക്കാമെന്നു കരുതി മാറ്റിവയ്ക്കുകയുമരുത് .പുറത്തുപോകുമ്പോൾ ഒന്നിലധികം മാസ്കുകൾ കയ്യിൽ കരുതുന്നതാണ് നല്ലത് .ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല .നനഞ്ഞ മാസ്കുകൾ ഒരു സിപ്ലോക്ക് കവറിൽ സൂക്ഷിക്കുക .തുണികൊണ്ടുള്ള മാസ്ക്കാണെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്തിട്ട് ഉണക്കുക .ഇസ്തിരിയിട്ടതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക .ഉപയോഗ ശൂന്യമായ മാസ്ക്കുകൾ കത്തിച്ചു കളയാൻ ശ്രദ്ധിക്കുക .
നനഞ്ഞ വസ്ത്രങ്ങൾ ….. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ് .നനഞ്ഞ റെയിൻകോട്ടുകൾ പ്രത്യേകമായി ഉണക്കാനിടുക .നനഞ്ഞ പ്രതലത്തിൽ വൈറസ് സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് .ആഭരണങ്ങളും ശരീരത്തിൽ ഇറുക്കിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങളും ധരിക്കുന്നത് കഴിവതും ഒഴിവാക്കുക .ആഭരണങ്ങളിലും മറ്റും വൈറസ് സാന്നിധ്യമുണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിലേക്ക് പെട്ടന്ന് തന്നെ എത്തിച്ചേരാൻ കാരണമാവുന്നു .മൊബൈൽ ഫോണുകൾ ഐഡി കാർഡുകൾ പേഴ്സുകൾ മുതലായവ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുകതമാക്കാൻ ശ്രദ്ധിക്കുക .പണമിടപാടുകൾ ഓൺലൈൻ വഴിയാക്കാൻ പരമാവധി ശ്രമിക്കണം .
ആശുപത്രികളിൽ പോകുമ്പോൾ ….. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രിയിൽ പോവുക.ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക .ചികിത്സ ആവശ്യത്തിനായി പോകുമ്പോൾ രോഗി ഒറ്റയ്ക്ക് പോവാൻ കഴിവതും ശ്രമിക്കുക .പനിയോ ജലദോഷമോ പോലുള്ള രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇ സഞ്ജീവനി ഓൺലൈൻ പ്ലാറ്റഫോമിനെ ആശ്രയിക്കാം.ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.രോഗം ശമിക്കുന്നില്ലെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കാവുന്നതാണ് .കണ്ടൈൻമെൻറ് സോണുകളിലുള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ഫോണിൽവിളിച്ചു വിവരമറിയിക്കേണ്ടതാണ് .അല്ലെങ്കിൽ ദിശയുമായോ ജില്ലാകൺട്രോൾ റൂമുമായോ ബന്ധപ്പെടാവുന്നതാണ് .അവരുടെ നിർദേശപ്രകാരം തുടർചികിത്സ നടത്താവുന്നതാണ് .
ഇപ്പോൾ നമ്മൾ കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യുന്ന കാര്യങ്ങളായ മാസ്ക് ധരിക്കൽ ,കൈകൾ സോപ്പുപയോഗിച്ചു കഴുകൽ ,സാനിറ്റൈസറിൻറെ ഉപയോഗം ,സാമൂഹിക അകലം പാലിക്കൽ എന്നിവ കൂടുതൽ കരുതലോടും ജാഗ്രതയോടും കൂടി ചെയ്യുക .ഇതും നമ്മൾ അതിജീവിക്കുമെന്നു പ്രതീക്ഷിക്കാം .
അല്ഹമ്ദുലില്ല … അർത്ഥം പോലെത്തന്നേ ദൈവത്തിനു നന്ദി … സൂഫിയും സുജാതയും എന്ന ചിത്രത്തിന് വേണ്ടി ബി കെ ഹരിനാരായണൻ രചന നിർവഹിച്ചു സുദീപ് പലനാട് സംഗീതവും ആലാപനവും നിർവഹിച്ച അല്ഹമ്ദുലില്ല എന്ന ഗാനത്തെക്കുറിച്ചു നമുക്കായി സുദീപ് പലനാട് നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകനുമായുള്ള അടുപ്പം ആണ് ഈ ഗാനത്തിലേക്കും എന്നെ എത്തിച്ചത് ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം ഡോക്മെന്ററി തുടങ്ങിയവക്ക് സംഗീതം പകർന്നു തുടങ്ങിയുള്ള അടുപ്പം അദ്ദേഹത്തിന്റെ സിനിമയിലും എന്റെ ഒരു പാട്ടു ഉപയോഗിക്കാൻ കാരണമായി എന്റെ ഈ ഗാനം കൂടാതെ എം ജയചന്ദ്രൻ സംഗീതം പകർന്ന ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട് ഇൻഡ്യൻ സൂഫി അല്ലാതെ ശരിക്കും ഉള്ള ഇസ്താംബുൾ തുർക്കിഷ് സംഗീതത്തിലേക്കുള്ള ഒരു വഴി എനിക്ക് തുറന്നു തന്നത് ഷാനുക്കയാണ് അദ്ദേഹമാണ് എനിക്കു അത്തരം പാട്ടുകൾ കേൾക്കാനും കേൾപ്പിച്ചുതരുവാനും കരണക്കാരനായത് ഇസ്താംബുൾ , ഇറാനിയൻ സംഗീതം എല്ലാം കുറേയെറെ കേൾക്കാനും മറ്റും അദ്ദേഹം കാരണക്കാരനായി .അതുപോലെ സിനിമ എന്ന മഹാ സംഭവത്തെ പ്രണയിക്കാൻ തുടങ്ങിയതും എല്ലാം അദ്ദേഹത്തിന്റെ ഒരു അടുപ്പം മൂലമാണ് . നല്ല നല്ല സിനിമകൾ കാണാനും അതിലെ ബാഗ്രൗണ്ട് സ്കോർ ശ്രദ്ധിക്കാനും മറ്റും തുടങ്ങിയതും ഷാനുക്ക വഴിയാണ് ഷാനുക്കയുമായി ഞാൻ ഇതിനു മുന്നേ കരി എന്നൊരു സമാന്തര ചിത്രം ചെയ്തിട്ടുണ്ട് അതിന്റെ നിർമാണം നിർവഹിച്ചത് ഞാനായിരുന്നു . പിന്നീട് ഈ ചിത്രം വന്നപ്പോൾ വിജയ്ബാബു , എം ജയചന്ദ്രൻ എന്നിവരെല്ലാരും കൂടി എടുത്ത തീരുമാനം ആയിരുന്നു എന്റെ ഈ ഗാനം അങ്ങനെ ഗാനത്തിൽ പറയുന്നപോലെ ദൈവത്തിനു നന്ദി എന്റെ ഈ ഗാനവും ഇതിൽ ഉൾപ്പെടുത്തിയതിന് അമൃത സുരേഷ് ആണ് കൂടെ പാടിയിട്ടുള്ളത് ഈ ഗാനത്തിന്റെ എടുത്തു പറയത്തക്ക വണ്ണം ഉള്ള പ്രത്യേകത നമ്മുടെ സംഗീത ഉപകരണങ്ങൾ കൂടാതെ തുർക്കി ഇസ്താംബുൾ അറബു സംഗീത ഉപകരണങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് ദൈവാനുഗ്രഹം കൊണ്ട് ജനങ്ങൾ ഈ ഗാനം അവരുടെ പ്രാത്ഥന ഗാനം പോലെ ഏറ്റെടുത്തതിൽ സന്തോഷം പ്രശസ്ത കഥകളിഗായകൻ പലനാട് ദിവാകരന്റെ മകനാണ് സുദീപ് സഹോദരി ദീപയും ഗായികയാണ് . സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഇനിയും നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്ന് നമുക്ക് കാത്തിരിക്കാം
ഇനി വിലകൂടിയ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ കോവിഡ് വൈറസ് ബാധയുണ്ടോ എന്ന് ഏതു സാധാരണക്കാരനും സ്വയം കണ്ടെത്താം .കൊച്ചിയിലെ കളമശ്ശേരിയിലുള്ള Ubio ബയോടെക്നോളജി ആണ് ഇത്തരത്തിലുള്ള പരിശോധനാ കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത് .രക്തസാമ്പിളുകൾ ഉപയോഗിച്ചു കോവിഡ് 19 ആൻറിബോഡി ടെസ്റ്റ് നടത്താം .15 മിനിറ്റുകൊണ്ട് റിസൾട്ട് അറിയാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത .പരിശോധനയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും കിറ്റിനോടൊപ്പം തന്നെ നൽകുന്നുണ്ട്.കൂടാതെ ഇത് ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന കുറിപ്പും കിറ്റിനകത്തുതന്നെ ഉണ്ട് . സീൽ ചെയ്ത ടെസ്റ്റ് കാർഡുകൾ ,ആൽക്കഹോൾ സ്വാപ്സ് ,ഡ്രോപ്പെർ ,അസ്സേയ്ബഫർ എന്നിവയെല്ലാം അടങ്ങിയതാണ് കിറ്റ് .പരിശോധിക്കേണ്ട ആളുടെ വിരൽത്തുമ്പു ആദ്യം ആൽക്കഹോൾ സ്വാപ്സ് ഉപയോഗിച്ച് ക്ളീൻ ചെയ്ത ശേഷം ലന്സിട് ഉപയോഗിച്ച് രക്തസാമ്പിൾ ഡ്രോപ്പറിൽ ശേഖരിക്കുക .ടെസ്റ്റ് കാർഡിൽ ഒരേയൊരു വിൻഡോ ആണ് ഉള്ളത് രക്തം മുഴുവനായും ഈ വിൻഡോയിലേക്കു ഇടുക.കിട്ടിനകത്തുള്ള അസ്സേ ബഫറിൽ നിന്നും രണ്ടു തുള്ളി ഈ രക്ത സാമ്പിളിലേക്കു ഒഴിക്കുക .ഇതിൽ C ,1 ,2 എന്നിങ്ങനെ മൂന്നു ലൈനുകളാണുള്ളത് .കൺട്രോൾ ലൈൻ മാത്രമാണ് തെളിഞ്ഞു കാണുന്നതെങ്കിൽ അദ്ദേഹം നെഗറ്റീവ് ആണ്.രണ്ടോ മൂന്നോ ലൈനുകൾ തെളിഞ്ഞു വന്നാൽ അദ്ദേഹം പോസിറ്റീവ് ആണ്.കിറ്റുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.തുടക്കമെന്നനിലയിൽ ലാബുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് വിപണനം നടത്തുന്നത്.കൊച്ചിയിൽ സ്ഥിതിചെയ്യുന്ന Ubio 2008 ൽ ആണ് പ്രവർത്തനമാരംഭിച്ചത് .രോഗനിർണ്ണയത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെതന്നെ മുൻനിര കമ്പനികളിലൊന്നാണ് Ubio .ഇലക്ട്രോണിക്സിലെയും ,ഇൻഫർമേഷൻ ടെക്നോളജിയിലെയും ,ബയോടെക്നോളജിയിലെയും പുതുപുത്തൻ കണ്ടുപിടുത്തങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യമേഖലയിലും ഭക്ഷണരംഗത്തും ഉള്ള പ്രശ്നങ്ങൾക്കു ഒരു പരിധി വരെ പരിഹാരം കണ്ടെത്താനിവർക്കു കഴിഞ്ഞിട്ടുണ്ട് .
ഒരു മാസത്തിൽ 20 ലക്ഷം കിറ്റുകൾ നിർമ്മിക്കാനുള്ള കപ്പാസിറ്റി ഈ കമ്പനിക്കുണ്ട് കൂടാതെ 5 ലക്ഷത്തോളം കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട് .നാലു മാസം കൊണ്ട് വികസിപ്പിച്ച കിറ്റുകൾ പൂർണമായും നിർമ്മിച്ചത് കളമശ്ശേരിയിലാണ് .സർക്കാരുമായി സഹകരിച്ചു കൂടുതൽ കിറ്റുകൾ വിപണിയിലെത്തിക്കാനാണ് Ubio ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
ആവണി അവിട്ടം ഓഗസ്റ്റ് 3, 2020, തിങ്കള്‍ ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമിനാളാണ് ആവണി അവിട്ടം. (ആവണി മാസത്തിലെ അവിട്ടം). സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മചൈതന്യം ജ്ഞാനരാശിയായി പ്രകടമായതാണ് വേദം. വേദവും ഉപനിഷത്തുമെല്ലാം ഒരു വ്യക്തിയാൽ നിർമ്മിക്കപ്പെട്ടതല്ല. വേദം ഉരുത്തിരിഞ്ഞതാണ് ഉപനിഷത്ത്. ജന്മാദ്യസ്യ യതോന്വയാദിതരതശ്ചാർതേഷ്വഭിജ്ഞഃ സ്വരാട് തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത് സൂരയഃ (ഭാഗവതം ). ബ്രഹ്മാവിന്റെ ഹൃദയത്തിൽ ആണ് വേദം പ്രകടമായത്. ഒരിക്കൽ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരൻ ഞാനാണെന്ന അഹന്തയുണ്ടായി. ബ്രഹ്മാവിന്റെ അഹങ്കാരം തീർക്കാൻ ഭഗവാൻ രണ്ട് അസുരന്മാരിൽ പ്രേരണ ശക്തിയായി പ്രവർത്തിച്ചു. അസുരന്മാർ ബ്രഹ്മാവിൽ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീർന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാൻ ഭഗവാനെ അഭയം പ്രാപിച്ചു. ഭഗവാൻ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണത്രെ ആവണി അവിട്ടം. ഹയഗ്രീവജയന്തി ആയും ഈ ദിനം അറിയപ്പെടുന്നു. ബ്രാഹ്മണർക്ക് ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ് ആവണി അവിട്ടം. ആരാണ് ബ്രാഹ്മണൻ? എന്തുതുകൊണ്ടാണ് ബ്രാഹ്മണന് ഈ ദിവസം പ്രധാനമായത്? എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ് എന്ന സത്യത്തെ ബ്രഹ്മജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ് സർവ്വപ്രപഞ്ചത്തിന്റേയും നന്മയ്ക്കും ക്ഷേമത്തിനുമായി ധർമ്മാനുഷ്ഠാനത്തോടെ നിലകൊള്ളുന്നവനാണ് ബ്രാഹ്മണൻ. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം. ഈ ധർമ്മ സംരക്ഷണത്തിന് നിലകൊള്ളുന്നവനാണ് ബ്രാഹ്മണർ. ബ്രാഹ്മണർ ധർമ്മ സംരക്ഷണത്തിനായി ആറു കർമ്മങ്ങളെ അനുഷ്ഠിക്കേണ്ടതുണ്ട് . അദ്ധ്യയനം അദ്ധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹം. ഈ കർമ്മാനുഷ്ഠാനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ച്യുതി സംഭവിച്ചു എങ്കിൽ അതിന് പരിഹാരമായി ബ്രാഹ്മണര്‍ ആവണി അവിട്ടം നാളിൽ പൂണൂല് മാറ്റി പുതിയ പൂണൂല് ധരിക്കുകയും പൂര്‍വ്വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഇതിലൂടെ അതുവരെ ഏർപ്പെട്ട കർമ്മച്യുതി ഇല്ലാതാവുന്നു. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമാണ്. ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല് ധരിക്കുന്നതും ഈ ദിവസം തന്നെയാണ്. ഹയഗ്രീവൻ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തിൽ പൂണൂല് ധരിക്കുന്നതോടെ അകക്കണ്ണ് (വിഞ്ജാനത്തിന്റെ കണ്ണ് )തുറക്കുന്നു എന്നാണ് സങ്കല്‍പ്പം. ഇതെല്ലാം കഴിഞ്ഞു ഗൃഹത്തിലെത്തുമ്പോള്‍ പുരുഷന്മാരെ സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം .അവരുടെ സന്തോഷത്തിനായി കുളിച്ച് പുതുവസ്ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ട് സന്തോഷത്തോടെ ആരതി ഉഴിഞ്ഞ് പീഢത്തിൽ ഇരുത്തി ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം, ചോറ്, പലതരം കറികള്‍, പായസം ഒക്കെയായി വിഭവസമൃദ്ധമായ ഭക്ഷണം മധുരപലഹാരങ്ങൾ എന്നിവ നൽകിയാൽ സർവ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ലോക നന്മക്കായി പ്രവർത്തിക്കുന്നവരെ പൂജിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഈശ്വരപൂജക്ക് തുല്യമാണ്. ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധൻ എന്നും ഒരു സങ്കല്പമുണ്ട്. അതിന്റെ കഥ ഇങ്ങിനെയാണ്. ധർമ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപദി അണിഞ്ഞ അതിവിശിഷ്ടമായ പട്ടു വസ്ത്രത്തിലായിരുന്നു. രാജസൂയവേദിയിൽ വച്ച് ശിശുപാലൻ ശ്രീകൃഷഭഗവാനെ അധിക്ഷേപിച്ചപ്പോൾ ഭഗവാൻ തന്റെ സുദർശനചക്രംകൊണ്ട് ശിശുപാലനെ വധിച്ചു. ആ സമയം എങ്ങിനെയോ ചക്രത്തിൽ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധത്തിൽ ഒരു മുറിവുണ്ടായി. എല്ലാവരും പരിഭ്രമത്തോടെ മുറിവ് കെട്ടാൻ തുണി അന്വേഷിക്കാൻ തുടങ്ങി. ദ്രൗപദി മറ്റൊന്നും ചിന്തിക്കാതെ തന്റെ പട്ടുസാരി വലിച്ചു കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൌപദിയുടെ കറയറ്റ സ്നേഹവും ഉല്‍ക്കണ്ഠയും കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാൻ പിന്നീടുള്ള കാലമത്രയും ദ്രൌപദിയുടെ സർവ്വ സംരക്ഷണം സഹോദരനായ തന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചുവത്രേ. ശ്രീകൃഷ്ണ ഭഗവാന്റെ മണിബന്ധത്തില്‍ ദ്രൌപദി കെട്ടിയ ആ സാരിക്കഷ്ണത്തിന്റെ പ്രതീകമായീട്ടാണത്രെ ഇന്ന് നമ്മൾ രാഖികെട്ടുന്നത്. വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധൻ അഥവാ രാഖി. സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിച്ച് കൈയിൽ വർണനൂലുകളാൽനിർമ്മിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും അതിന്റെ പ്രതീകമായി സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുപോലെ ഉള്ള ആചാരങ്ങളുടെ പിന്നിലെ ഐതിഹ്യം ശരിയായാലും തെറ്റായാലും ഇത് ലോകനന്മയ്ക്കും ധർമ്മപരിപാലനത്തിനും പരസ്പര സ്നേഹത്തിനും ഉതകുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് പവിത്രവും പരിപാവനവുമാണ്.
ഓം ഭൂർഭുവ: സ്വ:।തത് സവിതുർവരേണ്യം।ഭർഗോ ദേവസ്യ ധീമഹി।ധിയോ യോ ന: പ്രചോദയാത്॥ ഗായത്രീമാഹാത്മ്യം ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന് ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു. ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില് ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില് ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്. ഗായത്രീമന്ത്രം ജപിക്കുന്ന രീതി വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ ” പത്ത് ” എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ ” കരമാല ” സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.) ഗായത്രീ സ്ഥാനം. ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്പതാമത്തെ പദ്യം.) മന്ത്രസാരാര്ത്ഥം മന്ത്രത്തിലെ “ഭുഃ”എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ – പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം.
കൈതോല പായവിരിച്ചേ … പാലോം പാലോം നല്ല നടപ്പാലം കലാ ലോകത്തിന് തീരാ നഷ്ട്ടം…. ഇനിയും എത്ര പാട്ടുകൾ… എല്ലാം ബാക്കിയാക്കി ഇത്ര പെട്ടെന്ന്… ആദരാജ്ഞലികൾ പാലോം പാലോം നല്ല നടപ്പാലം….. കൈതോലപായ വിരിച്ച് … തുടങ്ങി നിരവധി ഗാനങ്ങൾക്ക് സംഗീതം പകരുകയും എഴുതുകയും ആലപിക്കുകയും ചെയ്ത കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിനു കലാലോകത്തിന്റെ പ്രണാമം ..
ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും , ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും അറിയിച്ചു . ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്. നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ചവരെ മണിക്കൂറിൽ പരമാവധി 60 കിമി വേഗത്തിലും കാറ്റ് വീശാൻ സാധ്യത.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
സിനിമകളില്ലാത്ത പെരുന്നാൾ ഒരു പക്ഷേ ആദ്യമായിരിക്കാം പുതിയ ചിത്രങ്ങളില്ലാതെ തിയ്യേറ്റർ പോലും തുറക്കാതെ മറ്റൊരു വിശേഷ ദിവസം കൂടി കടന്നു പോവുന്നത് . കോവിഡ് എന്ന മഹാമാരി ലോകത്താകമാനം നേരിടുമ്പോൾ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാവരും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു തിയ്യേറ്ററുകളിൽ കുടുംബസമേതം പോയിരുന്നൊരു സിനിമ ഈ വര്‍ഷം അതും ഇല്ലാതെ ആയിരിക്കുന്നു പുതിയ സിനിമകൾ ഇറങ്ങുന്നില്ല തിയ്യേറ്ററുകൾ തുറക്കുന്നത് പോലും ഇല്ല , എല്ലാം വീടുകളിൽ മാത്രം ഒതുങ്ങ്ഗികൊണ്ടാഘോഷിക്കാൻ പഠിച്ചു കൊണ്ടുവരുകയാണ് ഇന്ന് നമ്മൾ പുതിയ പ്രതീക്ഷയും മറ്റും ആയി ഓൺലൈൻ റിലീസിംഗ് നടത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വരും കാലങ്ങളിൽ അത്തരത്തിൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷങ്ങളായി മാറാതെ പാളയകാലങ്ങളിലെ പോലെ പുതിയ ചിത്രങ്ങളും നിറഞ്ഞു കവിഞ്ഞു തിയ്യേറ്ററുകളും വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാത്തിരിക്കാം ..