വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും. ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന് ആരോപിക്കുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രമോഷനിൽ എവിടെയും ലാലേട്ടന്റെ പ്രസൻസില്ല! എന്നിട്ടും ‘തുടരും’ ഹിറ്റ്, പ്രമോഷൻ രീതി കണ്ട് സംവിധായകനെ വിളിച്ചിരുന്നുവെന്ന് ആസിഫലി
മോഹൻലാൽ- ശോഭന ജോഡിയെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രം തിയേറ്ററുകളിൽ വൻ ജന പിന്തുണയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയം മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്കുന്ന പ്രതീക്ഷ ചെറുതല്ലെന്ന് പറയുകയാണ് ആസിഫ്. അലി. ഒപ്പം തുടരുമിന്റെ പ്രൊമോഷന് രീതിയെയും ആസിഫ് പ്രശംസിക്കുന്നുണ്ട്.
തുടരും എടുത്ത് നോക്കിയാല്‍ ലാല്‍സാറിന്റെ ഒരു പ്രെസന്‍സ് നമുക്ക് പ്രൊമോഷനില്‍ എവിടെയും കാണാന്‍ പറ്റിയിട്ടില്ല.തരുണിന്റെ അഭിമുഖങ്ങള്‍ മാത്രമായിരുന്നു. പക്ഷേ അത് ഭയങ്കര കണ്ടന്റ് ഉള്ള അഭിമുഖങ്ങളായിരുന്നു. നമുക്ക് ലാല്‍സാറിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള കുറേ കാര്യങ്ങള്‍, ലൊക്കേഷനെ പറ്റിയിട്ട്, ലാല്‍ സാര്‍ ഓരോ ഷോട്ടിന് മുന്‍പും ഇവരുമായി ഇന്ററാക്ട് ചെയ്ത കാര്യങ്ങള്‍,അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ഈ സിനിമയുടെ ഒരു പ്രൊമോഷന് പാക്കേജ് ഇവര്‍ സെറ്റ് ചെയ്തത്.അത് ഭയങ്കര വര്‍ക്കായിരുന്നു. എല്ലാവരും അതിലേക്ക് എത്തി. പിന്നെ ഉറപ്പായിട്ടും ലാല്‍സാറിന്റെ ഒരു സിനിമയ്ക്ക് പോസിറ്റീവ് റെസ്പോണ്‍സും കൂടി വന്ന് കഴിഞ്ഞാല്‍ പിന്നെ യാതൊരു രീതിയിലുള്ള മാര്‍ക്കറ്റിങ്ങും അടുത്ത സ്റ്റേജിലേക്ക് ആവശ്യമായി വരില്ല.ഞാന്‍ ഒരു ദിവസം തരുണിനെ വിളിച്ച് സംസാരിച്ചിരുന്നു ആസിഫ് പറയുന്നു.
സിനിമ കാണാന്‍ തിയേറ്ററിലേക്ക് ആളുകള്‍ വരിക എന്നത് ഒരു ട്രെന്റായി മാറണം. ലൂസിഫറിന് ശേഷം അടുത്ത സിനിമ ഇതുപോലെ വീണ്ടും വരുന്നു എന്ന് പറയുമ്പോള്‍ അതിനി വരുന്ന സിനിമകള്‍ക്കൊക്കെ, പ്രത്യേകിച്ച് വെക്കേഷന് സീസണ് തുടങ്ങിയതാണ്.ആ സമയത്ത് ഒരു സിനിമ തിയേറ്ററില്‍ നിറഞ്ഞോടുക എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അടുത്ത വീക്കെന്‍ഡിലൊക്കെ സിനിമ കാണാന്‍ പോകാന്‍ ആള്‍ക്കാര്‍ക്ക് തോന്നും. അത് ഇന്‍ഡസ്ട്രിക്കും വലിയ നല്ല സൈന്‍ ആണ്,’ ആസിഫ് പറഞ്ഞു.
നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിയ ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധം, പുറത്താക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ പ്രമുഖ നടൻ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. നടന്റെ പേര് വെളിപ്പെടുത്താത്തത് എല്ലാവരെയും സംശയമുനയിൽ നിർത്തുമെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ലിസ്റ്റിൻ സ്റ്റീഫനും അസോസിയേഷനിൽ വിശ്വാസമില്ലാതായോ എന്ന് സാന്ദ്രാ തോമസ് ചോദിക്കുന്നു. സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ?സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനിമയ്ക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.
മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം .
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു
വലിയ തെറ്റിന് തിരി കൊളുത്തിയ ആ പ്രമുഖ നടൻ നിവിൻ പോളിയോ? ലിസ്റ്റിൻ സ്റ്റീഫന്റെ മുന്നറിയിപ്പിൽ ചർച്ചകൾ സജീവം
മലയാള സിനിമയിലെ പ്രമുഖനടൻ വലിയ ഒരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി പൊതുവേദിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആ പ്രമുഖ നടൻ ആരെന്ന് വ്യക്തമാക്കാതെയായിരുന്നു ലിസ്റ്റിന്റെ പരാമർശം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രസ്തുത വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലിസ്റ്റിൽ ആരോപിക്കുന്ന നടൻ നിവിൻ പോളി ആണെന്ന അഭ്യൂഹം ശക്തമാവുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നഏറ്റവും പുതിയ സിനിമ ബേബി ഗേളിൽ നിവിനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്നാണ് ലിസ്റ്റിനോട് അടുത്ത വൃത്തങ്ങളിൽ നിന്നും പ്രചരിക്കുന്ന വാർത്ത. പ്രിൻസ് ആൻഡ് ഫാമിലി എന്ന ദിലീപ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയായിരുന്നു ലിസ്റ്റിന്റെ പരാമർശം.
അതേസമയം വലിയ തെറ്റിന് തുടക്കമിട്ടു എന്ന് ലിസ്റ്റിൻ ആരോപിക്കുന്ന ആ പ്രമുഖൻ നിവിൻപോളി തന്നെ എന്ന് സ്ഥിരീകരിക്കുന്ന തരത്തിൽ ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകൻ അരുൺ വർമ്മയും നിവിൻ പോളിയെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്തിട്ടുണ്ട്. നേരത്തെ നടൻ കുഞ്ചാക്കോ ബോബനെയായിരുന്നു നിവിൻ പോളിയുടെ വേഷത്തിനായി പരിഗണിച്ചിരുന്നത്. എന്നാൽ ഇത് നടക്കാതെ വന്നതോടെ പകരം നിവിൻ ജോയിൻ ചെയ്യുകയായിരുന്നു.
ബേബി ഗോളിന്റെ ലൊക്കേഷനിൽ ചിത്രീകരണത്തിനായി ജോയിൻ ചെയ്ത നടൻ തനിക്ക് അവധി വേണമെന്ന് നിർമ്മാതാവിനോടും സംവിധായകനോടും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ഇതിന് അനുകൂല നിലപാട് ഇരുവരും സ്വീകരിക്കാതെയായതോടെ നിവിൻ പോളി സ്വന്തം ഇഷ്ടപ്രകാരം ലൊക്കേഷനിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു എന്നുമാണിപ്പോൾ പ്രമുഖ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. പിന്നാലെ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ താരം ജോയിൻ ചെയ്തതെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും വൈകാതെ നിവിൻപോളിയുടെ പേര് ലിസ്റ്റിൻ വെളിപ്പെടുത്തുമെന്നാണ് വിവരം. ഇത്തരത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിത്വത്തിൽ തന്നെ ഇരിക്കുന്ന ഒരാൾ ഒരു പ്രമുഖ നടനെതിരെ ആരോപണവുമായി വരുമ്പോൾ സംഭവിക്കാവുന്ന ഭവിഷത്തുകൾ കണ്ടറിയണം. എന്നാൽ ലിസ്റ്റിൽ ഇതുവരെയും സംഘടനാപരമായി പരാതിയുമായി മുന്നോട്ടു പോയിട്ടില്ല.
അതേസമയം ലിസ്റ്റിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തി. നിർമ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്ന ഒരാൾ സംഘടനാപരമായി പരാതി മുന്നോട്ടു കൊണ്ടുപോകാതെ പൊതുവേദിയിൽ നടന്മാർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ലിസ്റ്റിൽ ഒഴിഞ്ഞു പോവുകയാണ് ചെയ്യേണ്ടതെന്നും സാന്ദ്ര പറഞ്ഞു.
പഹൽഗാമിൽ ആക്രമിച്ച ഭീകരർ വനത്തിനുള്ളിലെ ബങ്കറില്‍; തെരച്ചിൽ ശക്തമാക്കി സൈന്യം, ഡ്രോൺ പരിശോധന
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്
പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് ഗുജ്ജറുകള്‍ വേനൽക്കാലത്ത് ഉപയോഗിക്കുന്ന മൺവീടുകളിലും സൈന്യം പരിശോധന പരിശോധന നടത്തി. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്.
ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ട്. 95 ശതമാനം വിനോദ സഞ്ചാരികളും കശ്മീർ യാത്ര റദ്ദാക്കിയതോടെ മേഖലയിലെ കച്ചവടക്കാരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതി ആവിഷ്കരിക്കണം എന്ന് വ്യാപാരികൾ പറയുന്നു. ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നീക്കണം എന്നും അവർ ആവശ്യപ്പെടുന്നു. ദിവസവും 15,000 സഞ്ചാരികൾ എത്തുന്ന കശ്മീരിലെ ഗുൽ മാർഗും വിജനമാണ്. നൂറ് സഞ്ചാരികൾ പോലും വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ പരിശോധന ഗുൽ മാർഗിലും കർശനമാക്കി.
ജാഡയാണ്, ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എന്നെക്കുറിച്ച് എവിടെയോ ക്രിയേറ്റ് ആയി; തുറന്നു പറഞ്ഞ് പ്രിയ വാര്യർ
ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ വിങ്ക് സെൻസേഷന് ശേഷം ആളുകൾക്ക് തന്നോട് ഒരു വിദ്വേഷം രൂപപ്പെട്ടിരുന്നുവെന്ന് പറയുകയാണ് നടി പ്രിയ വാര്യർ. താൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ് ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എവിടെനിന്നോ ഉണ്ടായി വന്നു. അത് തന്റെ കരിയറിനെയും ആളുകൾക്ക് തന്നോടുള്ള മനോഭാവത്തെയും ബാധിച്ചെന്ന് പ്രിയ വാര്യർ പറയുന്നു.
‘ഞാൻ അപ്രോച്ചബിൾ അല്ല, അല്ലെങ്കിൽ ജാഡയാണ്, ഒരുപാട് പ്രതിഫലം വാങ്ങുന്നു തുടങ്ങിയ ഒരു മുൻധാരണ എന്നെക്കുറിച്ച് എവിടെയോ ക്രിയേറ്റ് ആയി. ആ വിങ്ക് സെൻസേഷന്റെ ഭാഗമായി ഉണ്ടായ ഒരു വിദ്വേഷം ആയിരിക്കാം അതിന് കാരണം. വർഷങ്ങളോളം കഷ്ടപ്പെട്ടിട്ട് ആളുകൾക്ക് നേടിയെടുക്കാൻ സാധിക്കാത്തത് ഒറ്റ രാത്രികൊണ്ട് ഇവൾ നേടിയെടുത്തു. അതിന് വേണ്ടി എന്താണ് അവൾ ചെയ്തത് അവൾ അത് അർഹിക്കുന്നുണ്ടോ? എന്നൊക്കെയുള്ളത് കൊണ്ട് തന്നെ പൊതുവേ ഒരു വിദ്വേഷം എനിക്കെതിരെ ഉണ്ടായിരുന്നു. അതെനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പക്ഷേ അത് പിന്നീട് വെറുപ്പിലേക്ക് മാറി. നമ്മൾ എന്ത് ചെയ്താലും പ്രശ്നം അങ്ങനെ വന്നപ്പോൾ അത് കരിയറിനെയും ബാധിക്കാൻ തുടങ്ങി. അത് പതിയെ ആളുകൾക്ക് എന്നോടുള്ള മനോഭാവത്തെയും ഇൻഡസ്ട്രിക്ക് എന്നോടുള്ള മനോഭാവത്തെയും ഒക്കെ ബാധിച്ചിരിക്കാം’, പ്രിയ വാര്യർ പറഞ്ഞു.
ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം നടത്തി
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു വിജയാഘോഷം നടന്നത്.
ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂനയിൽ ചിത്രീകരണം നടന്നുവരുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. മോഹൻലാൽ തുടരും കാണുന്നതും പൂനയിൽവച്ചാണ്. പൂനയിലെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയേഴിനു പൂർത്തിയായി. കൊച്ചിയിൽ വീണ്ടും ആരംഭിച്ചു. മെയ് രണ്ടിനാണ് ഹൃദയപൂർവ്വം വീണ്ടും കൊച്ചിയിൽ ആരംഭിച്ചത്. തൻ്റെ വിവാഹ വാർഷികം ചെന്നൈയിലും, മുംബൈയിൽ ഇൻഡ്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന പ്രധാനമന്ത്രിയുടെ ഒരു ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ മെയ് രണ്ടിന് കൊച്ചിയിൽ എത്തിയത്
ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു.
സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ് അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മെയ് രണ്ടിന് ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതമായ ഒരുചടങ്ങ് സംഘടിപ്പിച്ചു. നിർമ്മാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഫാൻസ് ഭാരവാഹികൾ രഞ്ജിത്തിനെകണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. സംവിധായകനില്ലാതെ എന്താഘോഷം എന്നാണ് രഞ്ജിത്ത് സംഘാടകരോടു ചോദിച്ചത്.
രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഇരുവരും എത്തിച്ചേർന്നു. ഉച്ചക്ക് രണ്ടു മണിയോടെ ബാങ്കറ്റ് ഹാളിൽ എല്ലാവരും ഒത്തുചേർന്നു. ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും. മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം.രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആൻ്റെണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു
‘തുടരും പല സംവിധായകരും പിൻമാറിയ കഥ’; തരുൺ മൂർത്തിയിലേക്ക് എത്തിയത് ഇങ്ങനെ..
മോഹൻലാല്‍ നായകനായി എത്തിയ തുടരും കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. സംവിധാനം നിര്‍വഹിച്ചത് തരുണ്‍ മൂര്‍ത്തിയാണ്. എന്നാല്‍ പല സംവിധായകരും ആ കഥയിലൂടെ കടന്നുപോയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രജപുത്ര രഞ്ജിത്ത്. കെ ആര് സുനിലിന്റെ സുഹൃത്തായ ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ മോഹൻലാലെന്ന നടനെവെച്ച് ഈ സിനിമ ചെയ്യാൻ ധൈര്യമില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു.
മലയാളത്തിലെ പ്രശസ്തരായ പല സംവിധായകരും, ഹിറ്റ് മേക്കേഴ്സ് വന്നു പോയി. അവരില്‍ പലര്‍ക്കും പല കാര്യങ്ങളുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. കഥയിലെ ചില മാറ്റങ്ങള്‍ നമുക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. ചില ഇമോഷൻ എന്റെ മനസില്‍ ആദ്യം കയറിക്കൂടിയതാണ്. അത് ഒഴിവാക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നീടാണ് തരുണിനെ ഞങ്ങള്‍ സമീപിക്കുന്നത്. ചേട്ടാ ഇതിനകത്ത് ഒരു കഥയുണ്ട്, ഇത് നമുക്ക് ഒക്കെയാണ് എന്ന് തരുണ്‍ പറഞ്ഞു. പിന്നീട് തരുണും കെ ആര് സുനിലും ചര്‍ച്ച ചെയ്താണ് ഇന്ന് കാണുന്ന തുടരും എന്ന സിനിമ ഉണ്ടായതെന്നും പറയുന്നു രജപുത്ര രഞ്ജിത്ത്
കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്
തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരായിരുന്നു മോഹൻലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. അവസാന ഷെഡ്യൂള്‍ ആയപ്പോള്‍ വിനറേജ് എന്നൊരു സജഷൻസ് ഉണ്ടായി. എന്നാല്‍ മോഹൻലാല്‍ വിന്റേജിലേക്ക് തിരിച്ചുവരുന്നു എന്ന് നമ്മള് പറയുന്നതു പോലെയാകും. വിന്റേജ് മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനല്ല സിനിമ. വിന്റേജ് എന്ന പേര് ലാലേട്ടനോട് പറഞ്ഞപ്പോള്‍ എന്തിനാ മോനേ മനോഹരമായ തുടരും എന്ന വാക്കുള്ളപ്പോള്‍ മറ്റൊരു പേര് എന്ന് ചോദിച്ചു. അങ്ങനെ ആ പേര് ഉറപ്പിക്കുകയായിരുന്നുവെന്നും പറയുന്നു തരുണ്‍ മൂര്‍ത്തി.
അതേസമയം വൻ തുകയ്ക്കാണ് ഹോട്സ്റ്റാര് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് റിലീസിനു മുന്നേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖനടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; പേര് പറയാതെ നടന് മുന്നറിയിപ്പുമായി ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് നിർമാതാവിൻ്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറഞ്ഞത്. നടൻ്റെ പേരോ, ചെയ്ത തെറ്റ് എന്താണെന്നോ പറയാതെയാണ് നടൻ്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് നിർമ്മാതാവിൻ്റെ പ്രതികരണം.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ സിനിമ ബേബി ഗേളിലെ താരത്തിനെതിരെയാണ് ഇദ്ദേഹത്തിൻ്റെ മുന്നറിയിപ്പെന്നാണ് കരുതുന്നത്. ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമയിൽ പ്രമുഖ താരമായ നടൻ, ബേബി ഗേളിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്നാണ് വിവരം.
വിദേശത്തും ‘തുടരും’ ഹിറ്റടിക്കുന്നു, കളക്ഷനിൽ കുതിപ്പ്..
സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി ചിത്രം ‘തുടരും’ ഹിറ്റടിക്കുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ആഗോളതലത്തില്‍ ആകെ 100 കോടിയിലധികം ചിത്രം നേടിയെന്നും വിദേശ ബോക്സ് ഓഫീസില്‍ ഒരാഴ്ച കൊണ്ട് 54 കോടി നേടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍
കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.